ഇറാൻ പുനർനിർമ്മാണത്തിന് അമേരിക്കയുടെ നയാപൈസ നൽകില്ല, ഗൾഫ് രാജ്യങ്ങളുടെ ഫണ്ട് ഉപയോഗിക്കാമെന്ന് ജെ ഡി വാൻസ്

ന്യൂഡൽഹി: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി തയാറാക്കുന്ന സമാധാന കരാറിന്റെ ഭാഗമായി അമേരിക്കൻ നികുതിപ്പണത്തിൽ നിന്നും ഒരു ഡോളർ പോലും ഇറാന് നൽകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. എന്നാൽ ഉപരോധങ്ങൾ നീക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്താൽ മറ്റ് വിദേശ രാജ്യങ്ങൾക്ക് ഇറാനിൽ നിക്ഷേപം നടത്താൻ അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസ് ചാനലിൽ പ്രമുഖ മാധ്യമപ്രവർത്തകൻ സീൻ ഹാനിറ്റിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് വൈസ് പ്രസിഡന്റ് അമേരിക്കയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാന് സമാധാന ഫണ്ടിലേക്ക് അമേരിക്കൻ പണം നൽകുമോ എന്ന ചോദ്യത്തിന്, ഒരൊറ്റ പൈസ പോലും അമേരിക്കൻ നികുതിദായകരിൽ നിന്ന് ഇറാന് ലഭിക്കില്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

അമേരിക്കൻ ഫണ്ടുകൾ നൽകില്ലെങ്കിലും, ഇറാനെ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കപ്പെടുമെന്ന് ജെ.ഡി വാൻസ് ചൂണ്ടിക്കാട്ടുന്നു. യുദ്ധാവസാന കരാറിലെ വ്യവസ്ഥകൾ ഇറാൻ പൂർണ്ണമായും അനുസരിക്കുകയാണെങ്കിൽ, അവർക്ക് മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്ന കാര്യം അമേരിക്ക പരിഗണിക്കും. ഇതിലൂടെ അമേരിക്കയ്ക്കും അന്താരാഷ്ട്ര വിപണിക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാകും. യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇറാൻ മാന്യമായി പെരുമാറുകയും സമാധാനം പുലർത്തുകയും ചെയ്താൽ മറ്റ് രാജ്യങ്ങൾക്ക് അവിടെ നിക്ഷേപം നടത്താൻ അമേരിക്ക അനുമതി നൽകുമെന്നാണ് വാൻസ് വ്യക്തമാക്കിയത്.

ഈ വൻ പുനർനിർമ്മാണ ഫണ്ട് പൂർണ്ണമായും ഗൾഫ് രാജ്യങ്ങളാണ് സമാഹരിക്കുകയെന്ന് വൈസ് പ്രസിഡന്റ് മുൻപ് സൂചിപ്പിച്ചിരുന്നു. ഇറാൻ കരാറിലെ എല്ലാ വ്യവസ്ഥകളും കൃത്യമായി പാലിച്ചാൽ മാത്രമേ ഈ ഫണ്ട് ലഭ്യമാകൂ. വാഷിംഗ്ടണിന്റെ നികുതിപ്പണം ചെലവഴിക്കാതെ തന്നെ, പശ്ചിമേഷ്യൻ സുഹൃദ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇറാനെ ആഗോള വിപണിയുടെ ഭാഗമാക്കുക എന്ന തന്ത്രപരമായ നയമാണ് ട്രംപ് ഭരണകൂടം ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ വിശദാംശങ്ങൾ ജി7 ഉച്ചകോടിയിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സാമ്പത്തിക നിലപാട് വ്യക്തമാക്കി വൈസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide