
വാഷിംഗ്ടൺ: ആഗോള ടെക് ഭീമനായ ആപ്പിളിൻ്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ജോൺ ടെർനസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ 15 വർഷമായി ആപ്പിളിനെ നയിച്ച ടിം കുക്ക് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്. സെപ്റ്റംബർ 1-ന് ടെർനസ് ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.
ആപ്പിളിൻ്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയായ ടെർനസ് കഴിഞ്ഞ 25 വർഷമായി കമ്പനിയുടെ ഭാഗമാണ്. സ്റ്റീവ് ജോബ്സിൻ്റെ മരണത്തിന് മുൻപ്, 2011-ലാണ് ടിം കുക്ക് സി.ഇ.ഒ ആയി ചുമതലയേറ്റത്. കുക്കിൻ്റെ കാലയളവിൽ ആപ്പിളിൻ്റെ വിപണി മൂല്യം 1 ട്രില്യൺ ഡോളറിൽ നിന്നും 4 ട്രില്യൺ ഡോളറിലേക്ക് കുതിച്ചുയർന്നിരുന്നു.
ടിം കുക്ക് ഒരു മികച്ച ബിസിനസ് ഓപ്പറേറ്ററായിരുന്നുവെങ്കിൽ, ടെർനസ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും സാങ്കേതികവിദ്യയിലും വൈദഗ്ധ്യമുള്ള വ്യക്തിയാണ്. ഐഫോൺ, ഐപാഡ്, എയർപോഡ്സ്, ആപ്പിൾ വാച്ച് തുടങ്ങിയ പ്രമുഖ ഉൽപ്പന്നങ്ങളുടെ വികസനത്തിൽ ടെർനസ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആപ്പിൾ സിലിക്കൺ ചിപ്പുകളിലേക്കുള്ള മാറ്റത്തിന് നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.
കഴിഞ്ഞ കുറച്ചു കാലമായി ആപ്പിൾ പുതിയ കണ്ടുപിടുത്തങ്ങളിൽ പിന്നിലാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഹാർഡ്‌വെയർ വിദഗ്ധനായ ടെർനസ് വരുന്നതോടെ ഫോൾഡബിൾ ഫോണുകൾ, സ്മാർട്ട് ഗ്ലാസുകൾ തുടങ്ങിയ പുതിയ തരം ഉൽപ്പന്നങ്ങളിലേക്ക് ആപ്പിൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദഗ്ധർ കരുതുന്നു. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവരോടുള്ള മത്സരം കടുപ്പിക്കാനും ഈ മാറ്റം സഹായിച്ചേക്കും.
“എഞ്ചിനീയറുടെ ബുദ്ധിയും ഇന്നൊവേറ്ററുടെ ആത്മാവുമുള്ള വ്യക്തിയാണ് ടെർനസ്” എന്നാണ് ടിം കുക്ക് തൻ്റെ പിൻഗാമിയെ വിശേഷിപ്പിച്ചത്. പരിവർത്തന കാലയളവിൽ ഈ വേനൽക്കാലം മുഴുവൻ കുക്ക് സി.ഇ.ഒ ആയി തുടരുകയും പിന്നീട് ആഗോള നയരൂപീകരണ ചർച്ചകളിൽ കമ്പനിയെ സഹായിക്കുകയും ചെയ്യും.
John Ternus replaces Tim Cook as Apple’s new CEO; Cook steps down after 15 years at the helm















