അന്ത്യയാത്രയ്ക്ക് മുൻപ് സഹായത്തിനായി കേണു; ഏഴ് മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ; മാധ്യമപ്രവർത്തക അമൽ ഖലീലിന്റെ മരണം യുദ്ധക്കുറ്റമെന്ന് ആരോപണം

ബെയ്റൂട്ട്: ദക്ഷിണ ലെബനനിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തക അമൽ ഖലീലിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് പിന്നാലെ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമൽ, മരിക്കുന്നതിന് മുൻപ് സഹായത്തിനായി കുടുംബത്തെയും ലെബനൻ സൈന്യത്തെയും ഫോണിൽ വിളിച്ചിരുന്നതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് വെളിപ്പെടുത്തി. ലബനാനിലെ ‘അൽ അഖ്ബർ’ പത്രത്തിന്റെ റിപ്പോർട്ടറായ അമൽ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്.

ദക്ഷിണ ലബനാനിലെ തൈരി മേഖലയിൽ റിപ്പോർട്ടിംഗിനായി എത്തിയ അമൽ ഖലീലും സഹപ്രവർത്തകനും ആക്രമണത്തിനിടെ ഒരു കെട്ടിടത്തിൽ അഭയം തേടിയപ്പോഴാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ അമൽ ഉടൻ കൊല്ലപ്പെട്ടിരുന്നില്ലെന്നും ഏഴ് മണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും സിപിജെ റീജിയണൽ ഡയറക്ടർ സാറ ഖുദാ വ്യക്തമാക്കി. വൈകുന്നേരം നാല് മണിക്ക് ശേഷമാണ് അമൽ അവസാനമായി ബന്ധപ്പെട്ടത്. താൻ ജീവനോടെയുണ്ടെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട വിവരം ഇസ്രായേൽ പ്രതിരോധ സേനയെ (ഐ.ഡി.എഫ്) അറിയിച്ചിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തിന് എത്തിയ റെഡ് ക്രോസ് സംഘത്തെ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ചതായി ഇവർ ആരോപിച്ചു.

രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ അനുമതി ലഭിച്ചപ്പോഴേക്കും അമൽ മരണത്തിന് കീഴടങ്ങിയിരുന്നു. രക്ഷാപ്രവർത്തനം തടയുന്നത് ഗുരുതരമായ യുദ്ധക്കുറ്റമാണെന്ന് ലബനാൻ പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ മാധ്യമപ്രവർത്തകരെ തങ്ങൾ ലക്ഷ്യം വെക്കാറില്ലെന്നും ആരെയും തടഞ്ഞിട്ടില്ലെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു. ലബനാനിലെ മാധ്യമസമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

More Stories from this section

family-dental
witywide