
ന്യൂയോർക്ക്: ലോകത്തെ പ്രമുഖ നിക്ഷേപ ബാങ്കായ ജെപി മോർഗൻ ചേസിലെ മുൻ ബാങ്കർ ചിരായു റാണയും എക്സിക്യൂട്ടീവ് ഡയറക്ടർ ലോർണ ഹാജ്ദിനിയും തമ്മിലുള്ള ലൈംഗിക പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസ് കോടതിയിലെത്തുന്നതിന് മുൻപ് നടന്ന വലിയ തുകയുടെ ഒത്തുതീർപ്പ് ചർച്ചകളും പരസ്പരമുള്ള ഗുരുതര ആരോപണങ്ങളും പുറത്തുവന്നതോടെ കേസ് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. ന്യൂയോർക്ക് പോസ്റ്റിൻ്റെ റിപ്പോർട്ട് പ്രകാരം, കേസ് പരസ്യമാകുന്നതിന് മുൻപ് തന്നെ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു.
ലോർണ ഹാജ്ദിനിക്കെതിരെ പരാതി നൽകാതിരിക്കാൻ 20 മില്യൺ ഡോളറിൽ (ഏകദേശം 166 കോടി രൂപ) അധികം തുക ചിരായു റാണ ആവശ്യപ്പെട്ടു. ബാങ്ക് ഈ ആവശ്യം നിരസിക്കുകയും പകരം ഒരു മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) വാഗ്ദാനം ചെയ്യുകയും ചെയ്തു. റാണയുടെ അഭിഭാഷകൻ ഡാനിയൽ കൈസർ പിന്നീട് 11.75 മില്യൺ ഡോളർ എന്ന ഒത്തുതീർപ്പ് തുക മുന്നോട്ടുവെച്ചെങ്കിലും ബാങ്ക് അത് സ്വീകരിച്ചില്ല. ‘ജോൺ ഡോ’ എന്ന രഹസ്യനാമത്തിലാണ് റാണ ആദ്യം പരാതി നൽകിയത്.
ലോർണ ഹാജ്ദിനി തനിക്ക് വയാഗ്ര പോലുള്ള മരുന്നുകൾ നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് റാണ പരാതിയിൽ പറയുന്നു. തൊഴിലിടത്തിൽ വെച്ച് വംശീയമായ അധിക്ഷേപങ്ങൾ നടത്തുകയും അനുസരിച്ചില്ലെങ്കിൽ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പീഡനങ്ങൾ മൂലം തനിക്ക് പി.ടി.എസ്.ഡി (Post-Traumatic Stress Disorder) ബാധിച്ചുവെന്നും റാണ അവകാശപ്പെടുന്നു. ലോർണ ഹാജ്ദിനിയും അവരുടെ അഭിഭാഷകരും ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇതൊരു “ഫാൻ ഫിക്ഷൻ” അല്ലെങ്കിൽ “നോവൽ” പോലെ കെട്ടിച്ചമച്ച കഥയാണെന്നാണ് അവർ വിശേഷിപ്പിച്ചത്.
തങ്ങൾ നടത്തിയ അന്വേഷണത്തിൽ ലോർണ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായാ് ബാങ്കിൻ്റെ വാദം. ഇമെയിലുകളും ഫോൺ രേഖകളും പരിശോധിച്ചപ്പോൾ പീഡനം നടന്നതിന് തെളിവില്ലെന്നും ബാങ്ക് പറയുന്നു. ലോർണ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചപ്പോൾ ചിരായു റാണ സഹകരിച്ചില്ലെന്നും ബാങ്ക് ആരോപിക്കുന്നു.
ലോർണയും റാണയും വ്യത്യസ്ത വിഭാഗങ്ങളിലായിരുന്നതിനാൽ റാണയുടെ ശമ്പളത്തിലോ സ്ഥാനക്കയറ്റത്തിലോ ലോർണയ്ക്ക് സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് രണ്ട് പുതിയ സാക്ഷികൾ കൂടി രംഗത്തെത്തിയിട്ടുണ്ട്. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് നഗ്നയായിരുന്ന ലോർണ ഹാജ്ദിനി തങ്ങളെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചുവെന്ന് ഒരു സാക്ഷി മൊഴി നൽകി. ലോർണ തൻ്റെ ജീവിതം “നരകതുല്യമാക്കി” എന്ന് റാണ പറയുന്നത് കേട്ടുവെന്ന് രണ്ടാമത്തെ സാക്ഷി വെളിപ്പെടുത്തി.
അതേസമയം, കേസിന് തിരിച്ചടിയാകുന്ന മറ്റൊരു വിവരവും പുറത്തുവന്നിട്ടുണ്ട്. തന്റെ പിതാവ് മരിച്ചുവെന്ന് പറഞ്ഞ് ചിരായു റാണ 2024 ഡിസംബറിൽ ബാങ്കിൽ നിന്ന് ദീർഘകാല അവധി വാങ്ങിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തൻ്റെ മകൻ നല്ലവനാണെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ പിതാവ് പ്രതികരിച്ചത്. ജെപി മോർഗനിൽ നിന്ന് രാജിവെച്ച ശേഷം മറ്റൊരു സ്ഥാപനത്തിൽ ചേർന്ന റാണ, കേസ് ഫയൽ ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും ജോലി ഉപേക്ഷിച്ചിരുന്നു. കേസ് ഇപ്പോൾ ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
JP Morgan sexual harassment case: Settlement efforts fail; Chirayu Rana had demanded Rs 166 crore compensation













