‘ചിലപ്പോൾ ഒരു കാമുകൻ്റെ കടമകൾ നിറവേറ്റേണ്ടി വരും’; ലോകകപ്പിൽ സ്വന്തം രാജ്യത്തിൻ്റെ കളി കാണാത്തതിൽ വിശദീകരണവുമായി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: 2026 ഫിഫ ലോകകപ്പിൽ സ്വന്തം രാജ്യത്തിൻ്റെ ആദ്യ മത്സരം കാണാതെ അമേരിക്കയുടെ കളി കാണാൻ പോയതിൽ കടുത്ത വിമർശനം നേരിട്ട കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒടുവിൽ വിശദീകരണവുമായി രംഗത്ത്. “ചിലപ്പോഴൊക്കെ ഒരു കാമുകൻ്റെ കടമകൾ നിറവേറ്റേണ്ടി വരും” എന്നായിരുന്നു വിമർശകർക്ക് ട്രൂഡോ നൽകിയ മറുപടി.

ലോകകപ്പ് വേദിയിലെ കാനഡയുടെ ചരിത്രപരമായ ആദ്യ മത്സര ദിവസം ട്രൂഡോ അമേരിക്കൻ ടീമിൻ്റെ കളി കാണാൻ എത്തിയതാണ് കനേഡിയൻ ആരാധകരെ ചൊടിപ്പിച്ചത്. ലോസ് ആഞ്ചലീസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന യുഎസ്എ – പരാഗ്വെ മത്സരത്തിൻ്റെ വിഐപി ഗാലറിയിൽ കാമുകിയും പ്രശസ്ത അമേരിക്കൻ പോപ് ഗായികയുമായ കാറ്റി പെറിക്കൊപ്പമാണ് ട്രൂഡോ എത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

തുടർന്ന് എക്സിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത് “ചില സമയങ്ങളിൽ പങ്കാളിയെ പിന്തുണയ്ക്കുക എന്ന വലിയ ഉത്തരവാദിത്തം നമുക്ക് മുന്നിൽ വന്നുചേരും. ലോകകപ്പ് ഉദ്ഘാടന വേദിയിൽ കാറ്റി പെറിയുടെ സംഗീത പരിപാടിയുണ്ടായിരുന്നു. അവൾക്ക് പിന്തുണ നൽകുക എന്ന കടമയാണ് ഞാൻ നിർവഹിച്ചത്. എങ്കിലും ഈ ലോകകപ്പിൽ ഞാൻ ഏത് രാജ്യത്തെയാണ് നെഞ്ചോട് ചേർക്കുന്നത് എന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ.”- അദ്ദേഹം കുറിച്ചു. ട്രൂഡോയുടെ ഈ ‘പ്രണയ വിശദീകരണം’ കനേഡിയൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ഗ്രൂപ്പ് ബിയിൽ കാനഡയും ബോസ്‌നിയ-ഹെർസഗോവിനയും തമ്മിലുള്ള നിർണായക മത്സരം നടക്കുന്ന അതേ സമയത്തായിരുന്നു ട്രൂഡോ അമേരിക്കൻ ഗാലറിയിൽ കളി ആസ്വദിച്ചത്. ട്രൂഡോയുടെ അസാന്നിധ്യത്തിൽ നടന്ന മത്സരത്തിൽ കാനഡ ബോസ്‌നിയയോട് 1-1 ന് സമനില വഴങ്ങി. അതേസമയം ട്രൂഡോ നേരിട്ടെത്തിയ മത്സരത്തിൽ അമേരിക്ക 4-1 ന് പരാഗ്വെയെ തകർത്തു.

Justin Trudeau explains why he didn’t watch his country’s game at the Football World Cup

More Stories from this section

family-dental
witywide