
സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയെത്തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ പ്രളയ ഭീതി രൂക്ഷമായി. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി അതീവ ഗുരുതരാവസ്ഥയാണ് നിലനിൽക്കുന്നത്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത കനത്ത മഴയിൽ വ്യാപകമായ വെള്ളപ്പൊക്കവും വലിയ നാശനഷ്ടങ്ങളുമുണ്ടായി.
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്തൊട്ടാകെ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടി വീട് തകർന്ന് ജോസഫിൻ ജോണിയും അമ്മ റജീനയും മരണപ്പെട്ടു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ മണ്ണിടിഞ്ഞു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. മലപ്പുറത്ത് വണ്ടൂരിലും കൊണ്ടോട്ടിയിലുമായി തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പിഞ്ചുകുട്ടികൾ മരണപ്പെടുകയും വയനാട്ടിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരാളും കൊല്ലത്ത് വള്ളം മറിഞ്ഞ് ഒരാളും ജീവൻ വെടിയുകയും ചെയ്തു.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാർ, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, തിരുവനന്തപുരം നെയ്യാർ, പാലക്കാട് മംഗലം എന്നീ ആറ് ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. പമ്പ, മണിമല നദികളിൽ അപായകരമായി വെള്ളം ഉയരുന്നതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുകയും മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Kerala Rains: Torrential Downpour Triggers Flood Scare Across Districts; 7 Dead, Red Alert Issued













