ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാൻ; ലണ്ടനിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകശ്രമ കേസിന് പിന്നാലെ നയതന്ത്ര തർക്കം രൂക്ഷം

ടെഹ്റാൻ: യുകെയിലെ മാധ്യമപ്രവർത്തകന് നേരെയുണ്ടായ കത്തിക്കുത്തിന് പിന്നിൽ ഇറാന്റെ പങ്കുണ്ടെന്ന യുകെ കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ, ടെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതി ഹ്യൂഗോ ഷോട്ടറെ ഇറാൻ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആരോപിച്ചാണ് ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഎൻഎ ഈ വിവരം പുറത്തുവിട്ടത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഇറാൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകരായ ‘ഇറാൻ ഇന്റർനാഷണൽ’ ടെലിവിഷൻ ചാനലിലെ പ്രമുഖ അവതാരകൻ പൗരിയ സെറാത്തിക്ക് നേരെ 2024 മാർച്ചിൽ ലണ്ടനിലെ വിംബിൾഡണിൽ വെച്ച് ക്രൂരമായ കത്തിക്കുത്ത് ഏറ്റിരുന്നു. ഈ കേസിൽ പ്രതികളായ രണ്ട് റൊമാനിയൻ സ്വദേശികളെ (നാന്ദിതോ ബഡേയ, ജോർജ്ജ് സ്റ്റാന) അടുത്തിടെ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതി യഥാക്രമം 8 വർഷവും 12 വർഷവും തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ആക്രമണം തികച്ചും ആസൂത്രിതമാണെന്നും ഇറാന്റെ ഭരണകൂട താല്പര്യപ്രകാരമാണ് പ്രതികൾ ഇത് ചെയ്തതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ജസ്റ്റിസ് ബോബി ചീമ-ഗ്രബ്ബ് നിരീക്ഷിച്ചിരുന്നു.

ഇതാണ് ഇറാന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും വ്യാജമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമ യൂറോപ്പ് വിഭാഗം ഡയറക്ടർ ജനറൽ അലിറേസ യൂസഫി ബ്രിട്ടീഷ് നയതന്ത്രജ്ഞനെ അറിയിച്ചു. ബ്രിട്ടനിൽ ഇറാൻ വിരുദ്ധ സുരക്ഷാ അട്ടിമറികൾക്ക് ഇറാൻ ശ്രമിക്കുന്നു എന്ന വാദം തള്ളിയ അവർ, ഇസ്രായേലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരവാദ ശൃംഖലകൾക്ക് യുകെ അഭയം നൽകുകയാണെന്ന് തിരിച്ച് കുറ്റപ്പെടുത്തി. ഈ കേസിൽ ഇറാൻ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന കോടതി നിരീക്ഷണത്തെ ബ്രിട്ടീഷ് സെക്യൂരിറ്റി മിനിസ്റ്റർ ഡാം ഏഞ്ചല ഈഗിൾ ഉൾപ്പെടെയുള്ളവർ സ്വാഗതം ചെയ്യുകയും ഇറാന് കടുത്ത മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കുന്നത്.

More Stories from this section

family-dental
witywide