കൗൺസിലർ നിത്യ രാമനെ സ്ഥാനത്തുനിന്ന് നീക്കി; ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസിനെതിരെ രാഷ്ട്രീയ പ്രതികാര ആരോപണം

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ കാരെൻ ബാസിന്‍റെ പ്രധാന എതിരാളിയും സിറ്റി കൗൺസിൽ അംഗവുമായ നിത്യ രാമനെ കൗൺസിലിന്റെ നിർണായകമായ ഹൗസിംഗ് ആൻഡ് ഹോംലസ്‌നെസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. നഗരത്തിലെ ഭവനരഹിതരുടെ ക്ഷേമ പദ്ധതികളിൽ സ്വതന്ത്ര ഓഡിറ്റിംഗ് വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മേയർ കാരെൻ ബാസ് രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് നിത്യ രാമൻ ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ മേയർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

നഗരത്തിൽ വീടില്ലാത്തവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുമ്പോഴും മേയറുടെ പ്രമുഖ പദ്ധതികളെ പരിശോധനകളിൽ നിന്ന് സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് നിത്യ രാമൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ‘ഇൻസൈഡ് സേഫ്’ എന്ന പദ്ധതിയിൽ സ്വതന്ത്രമായ ഓഡിറ്റിംഗ് നടത്തുന്നതിനെ മേയർ തടസ്സപ്പെടുത്തുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. മേയർക്കെതിരെ മത്സരിക്കുന്നതിന്റെ പേരിൽ താൻ ശിക്ഷിക്കപ്പെടുകയാണെങ്കിലും, ഇത്തരം രാഷ്ട്രീയ കളികളുടെ യഥാർത്ഥ വില കൊടുക്കേണ്ടി വരുന്നത് നഗരവാസികളാണെന്ന് അവർ പറഞ്ഞു.

അതേസമയം, മേയറുടെ നയങ്ങൾ പരാജയപ്പെടുമ്പോഴും തന്‍റെ മണ്ഡലത്തിൽ തെരുവിൽ കഴിയുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടാക്കാൻ സാധിച്ചതായി നിത്യ രാമൻ അവകാശപ്പെട്ടു. കൃത്യമായ ബോധവൽക്കരണത്തിലൂടെയും പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കിയുമാണ് തങ്ങൾ ഇത് സാധ്യമാക്കിയതെന്നും നഗരത്തിലുടനീളം നടപ്പിലാക്കേണ്ടത് ഇതാണെന്നും അവർ കൂട്ടിച്ചേർത്തു.

മേയർക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളുടെയും കോർപ്പറേറ്റ് കെട്ടിട ഉടമകളുടെയും പിന്തുണയുണ്ടെന്ന് നിത്യ രാമൻ ആരോപിച്ചു. നഗരത്തിലെ വാടകക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമങ്ങളും നിർബന്ധിത വാടക വർദ്ധനവിന് നിയന്ത്രണങ്ങളും തങ്ങളുടെ കമ്മിറ്റി കൊണ്ടുവന്നിരുന്നു. ഇത്തരം ജനക്ഷേമ നടപടികൾക്കെതിരെ കോർപ്പറേറ്റ് ലോബികൾ മേയറെ ഉപയോഗിച്ച് നിലവിലുള്ള തകർന്ന സംവിധാനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും നിത്യ രാമൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide