ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിമ്പറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികരും സുരക്ഷിതർ

ന്യൂഡൽഹി/മസ്കറ്റ്: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യൻ നാവികരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിമ്പറ്റ് മൈൻ ആക്രമണം. പാനമ പതാകയേന്തിയ ‘എംടി ലൂയിസ് 1’ എന്ന കപ്പലിന് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടായെങ്കിലും 27 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അറിയിച്ചു.

ഒമാൻ തീരത്തെ ഖസാബിൽ നിന്നും ഏകദേശം 46 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് കപ്പലിന് നേരെ ആക്രമണം നടന്നത്. ചെറിയ ബോട്ടിലെത്തിയ അജ്ഞാത സംഘം കപ്പലിന്റെ അടിഭാഗത്തെ ഇരുമ്പ് ബോഡിയിൽ കാന്തികശക്തിയുള്ള രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവെക്കുകയായിരുന്നു. സ്ഫോടനത്തിൽ എൻജിൻ റൂമിന് കേടുപാടുകൾ സംഭവിക്കുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.

എന്നാൽ ഇന്ത്യൻ നാവികരുടെ സമയോചിതമായ ഇടപെടലുമൂലം എൻജിൻ റൂമിലെ തീ ഉടൻ തന്നെ അണയ്ക്കാൻ കഴിഞ്ഞു. വലിയൊരു ദുരന്തവും എണ്ണച്ചോർച്ച മൂലമുണ്ടാകുമായിരുന്ന പരിസ്ഥിതി നാശവുമാണ് ഇതിലൂടെ ഒഴിവായത്. കപ്പലിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യക്കാരുമായി പോയ ‘എംടി അർസാന’ എന്ന ലൈബീരിയൻ എണ്ണക്കപ്പലിന് നേരെയും ഹോർമുസ് കടലിടുക്കിൽ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളിലുമായി കപ്പലുകളിലുണ്ടായിരുന്ന ആകെ 29 ഇന്ത്യക്കാരും നിലവിൽ സുരക്ഷിതരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Limpet mine attack on an oil tanker in the Strait of Hormuz; all 27 Indian crew members are safe.

More Stories from this section

family-dental
witywide