
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ചരിത്രപ്രധാനമായ ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ശബ്ദവോട്ടോടെ ബിൽ സഭയുടെ അംഗീകാരം നേടിയത്. ഇനി രാജ്യസഭയുടെ കൂടി അംഗീകാരം ലഭിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നായി മാറും. എന്നാൽ, വിഷയത്തിൽ സഭയിൽ ചർച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സി. വേണുഗോപാൽ എം.പി വിമർശിച്ചു. ചർച്ചയില്ലാതെ ബിൽ പാസാക്കുന്നതിനോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും, കേരളത്തിലെ ജനങ്ങളുടെ ദീർഘകാല അഭിലാഷമായതിനാൽ ബഹളത്തിനിടയിലും ബില്ലിനെ അനുകൂലിച്ചതായി അദ്ദേഹം വ്യക്തമാക്കി.
1956-ൽ സംസ്ഥാന രൂപീകരണം മുതൽ മലയാളത്തിൽ ‘കേരളം’ എന്ന് ഉപയോഗിച്ചിരുന്നെങ്കിലും ഭരണഘടനയിൽ ഇംഗ്ലീഷിൽ ‘കേരള’ (Kerala) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ വിടവ് നികത്തി ഭരണഘടനയുടെ എല്ലാ ഭാഷകളിലുള്ള പതിപ്പുകളിലും പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാർ ലോക്സഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്. രാജ്യസഭ കൂടി ബിൽ അംഗീകരിക്കുന്നതോടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.
Lok Sabha Passes Bill to Rename Kerala as ‘Keralam’; Awaits Rajya Sabha Approval















