എം.എസ്.സി എൽസ കപ്പൽ അപകടം: കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിനടിയിലുണ്ട്, പാരിസ്ഥിതിക ഭീഷണിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിന്റെ അവശിഷ്ടങ്ങളും അതിലെ അപകടകരമായ ചരക്കുകളും സമുദ്രപരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ടി.എൻ. പ്രതാപൻ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്രം. കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയും കണ്ടെയ്നറുകളിലുള്ള അപകടകരമായ വസ്തുക്കളും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും, കപ്പലും കണ്ടെയ്നറുകളും പൂർണ്ണമായി നീക്കം ചെയ്യേണ്ടത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കടലിൽ മുങ്ങിയ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. കടലിനടിയിലെ പരിശോധനകൾക്കായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും നിലവിലെ കാലവർഷ സാഹചര്യം സുരക്ഷിതമായ പരിശോധനയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ തുടർനടപടികൾ മൺസൂണിന് ശേഷം പുനരാരംഭിക്കുമെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ, സാൽവേജ് നടപടികൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നും കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള ശ്രമം കൂടുതൽ അപകടങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ അവ കടലിനടിയിൽ തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നുമാണ് കപ്പൽ കമ്പനിയുടെ വാദം.

2025 മേയ് 25-നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന ലൈബീരിയൻ പതാക വഹിച്ച എം.എസ്.സി എൽസ 3 എന്ന കണ്ടെയ്നർ കപ്പൽ ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്തതിന് കപ്പലുടമയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവരെ മറ്റ് പ്രതികളാക്കിയും ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിരുന്നു. നിലവിൽ കേസിലെ തുടർനടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

MSC Elsa Ship Accident: Sunken Hazardous Cargo Threatens Marine Ecology, Centre Tells High Court

More Stories from this section

family-dental
witywide