‘ഇന്ത്യയെ കണ്ടുപഠിക്കൂ’; യുഎസ് ഫെഡറൽ റിസർവിനെതിരെ ട്രംപിന്റെ വിമർശനം

വാഷിങ്ടൺ: അമേരിക്കയിൽ പലിശനിരക്ക് കുറയ്ക്കാത്ത ഫെഡറൽ റിസർവിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മികച്ച സാമ്പത്തിക വളർച്ചയ്ക്കുള്ള സാധ്യതകൾ ഉണ്ടായിട്ടും ഉയർന്ന പലിശനിരക്ക് തുടരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ കുറഞ്ഞ പലിശനിരക്കിനെയും സാമ്പത്തിക വളർച്ചയെയും പരാമർശിച്ച ട്രംപ്, അമേരിക്കയും സമാനമായ നയം സ്വീകരിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറൽ റിസർവിന്റെ പലിശനയത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും സെൻട്രൽ ബാങ്ക് രാഷ്ട്രീയ സ്ഥാപനമായി മാറിയെന്നും ട്രംപ് കുറ്റപ്പെടുത്തി. സാമ്പത്തിക വളർച്ചയുടെ മികച്ച കണക്കുകൾ പുറത്തുവരുമ്പോഴും പലിശനിരക്ക് കുറയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പലിശനിരക്ക് താഴ്ത്തിയാൽ അമേരിക്കയുടെ ജിഡിപി വളർച്ച 15 മുതൽ 20 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും കടബാധ്യതകൾ വേഗത്തിൽ കുറയ്ക്കാനാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ലോകത്ത് ഏറ്റവും കുറഞ്ഞ പലിശനിരക്ക് അമേരിക്കയ്ക്കായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ട്രംപ്, കുറഞ്ഞ പലിശനിരക്കിനൊപ്പം ഏഴ് ശതമാനത്തോളം സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിന് സാധിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. അതേസമയം, അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് പലിശനയത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത്. ഇന്ത്യയിൽ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് 5.5 ശതമാനമാണെന്നും ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ വളർച്ച 3.4 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

More Stories from this section

family-dental
witywide