പന്നൂൻ വധശ്രമക്കേസ്: നിഖിൽ ഗുപ്തയ്ക്ക് 20 വർഷം തടവ്; ശിക്ഷയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തും

ന്യൂയോർക്ക്: അമേരിക്കൻ-സിഖ് അഭിഭാഷകനും ഖാലിസ്ഥാൻ വിഘടനവാദി നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് 19 വർഷവും ഏഴ് മാസവും തടവുശിക്ഷ. ന്യൂയോർക്കിലെ യുഎസ് ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഗുപ്തയെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഗുപ്ത കുറ്റസമ്മതം നടത്തിയിരുന്നു. തുടർന്ന് മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഏകദേശം രണ്ട് മണിക്കൂർ നീണ്ട വാദം കേൾക്കലിനൊടുവിൽ ഇന്ന് ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ഒരു അമേരിക്കൻ പൗരനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് ഗുപ്ത പ്രവർത്തിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചനയിൽ ഗുപ്ത സജീവമായി പങ്കാളിയായെന്നും യുഎസ് സർക്കാർ വ്യക്തമാക്കി.

എന്നാൽ, താൻ വെറുമൊരു ഇടനിലക്കാരൻ മാത്രമായിരുന്നുവെന്നും സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇതിൽ ഉൾപ്പെട്ടതെന്നുമായിരുന്നു ഗുപ്തയുടെ അഭിഭാഷകരുടെ വാദം. മുൻപ് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ആളാണ് ഗുപ്തയെന്നും അവർ ചൂണ്ടിക്കാട്ടി. ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് കോടതിയിൽ മാപ്പ് പറഞ്ഞ ഗുപ്ത, മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ്, മദർ തെരേസ എന്നിവരുടെ ആദർശങ്ങൾ പിന്തുടരാൻ ആഗ്രഹിച്ചിരുന്ന താൻ അതിന് വിരുദ്ധമായി പ്രവർത്തിച്ചുപോയെന്നും, “തോക്കിൻ കുഴലിലൂടെ ആർക്കും ഒന്നും നേടാനാവില്ല” എന്നും പ്രതികരിച്ചു.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ (RAW) ഉൾപ്പെടുന്ന കാബിനറ്റ് സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ വികാഷ് യാദവിന്റെ നിർദ്ദേശപ്രകാരമാണ് ഗുപ്ത പ്രവർത്തിച്ചതെന്നാണ് യുഎസ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 2023 മെയ് മാസത്തിലായിരുന്നു ഗൂഢാലോചനയുടെ തുടക്കം. കൊലപാതകത്തിനായി വാടകക്കൊലയാളിയെ തേടി ഗുപ്ത സമീപിച്ചത് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ രഹസ്യവിവരദാതാവിനെയായിരുന്നു. ഇയാൾ വഴി വാടകക്കൊലയാളിയായി വേഷമിട്ട ‘കാർലോസ്’ എന്ന യുഎസ് രഹസ്യ ഏജന്റിനെ ഗുപ്ത പരിചയപ്പെട്ടതോടെയാണ് പദ്ധതി പൊളിഞ്ഞതെന്നാണ് അന്വേഷണ രേഖകളിലുള്ളത്.

കേസിലെ മറ്റൊരു പ്രതിയായ വികാഷ് യാദവിനെ 2024 ഒക്ടോബർ മുതൽ എഫ്.ബി.ഐ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായി 2024 ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയ യാദവ് ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. കേസിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ വ്യക്തമാക്കിയ ഇന്ത്യൻ സർക്കാർ, ഗുപ്തയുടെ ശിക്ഷാവിധിയോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിധി പ്രഖ്യാപനത്തിന് മുന്നോടിയായി മാൻഹട്ടനിലെ കോടതിക്ക് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ‘സിഖ്സ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ നേതാവായ പന്നൂൻ വൻ സ്വീകരണത്തോടെയാണ് കോടതിയിലെത്തിയത്.

ഏകദേശം 200-ഓളം വരുന്ന പ്രതിഷേധക്കാർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ ജയിൽ വസ്ത്രവും കൈവിലങ്ങും അണിഞ്ഞു നിൽക്കുന്ന കട്ടൗട്ടുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ ഇന്ത്യൻ ദേശീയ പതാക കീറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Pannun assassination attempt case: Nikhil Gupta sentenced to 20 years in prison; to be deported to India after serving the sentence.

More Stories from this section

family-dental
witywide