ലഹരിക്കെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും; അഞ്ച് ലക്ഷം ലഹരി ഗുളികകൾ കടത്തിയ മയക്കുമരുന്ന് ശൃംഖല തകർത്ത് ഓപ്പറേഷൻ ‘മൺസൂൺ തണ്ടർ’, ആറുപേർ പിടിയിൽ

ന്യൂഡൽഹി: അമേരിക്കയിലുടനീളം നിരോധിത മയക്കുമരുന്നുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്ത മരുന്നുകളും അനധികൃതമായി വിതരണം ചെയ്തിരുന്ന അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സംഘം പിടിയിൽ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (NCB) യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും (DEA) സംയുക്തമായി നടത്തിയ ‘മൺസൂൺ തണ്ടർ’ എന്ന ഓപ്പറേഷനിലൂടെയാണ് സംഘത്തെ വലയിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആറുപേരെ എൻസിബി അറസ്റ്റ് ചെയ്തു.

നവംബർ 4 മുതൽ 13 വരെ ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിൽ എൻസിബി നടത്തിയ വ്യാപക റെയ്ഡുകളിലാണ് പ്രതികൾ പിടിയിലായത്. സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഒപിയോയിഡ് മരുന്നുകളുമാണ് ഇവർ പ്രധാനമായും അമേരിക്കൻ വിപണിയിൽ എത്തിച്ചിരുന്നത്.

2022 ജൂൺ മുതൽ 2026 നവംബർ വരെയുള്ള കാലയളവിൽ ഏകദേശം അഞ്ച് ലക്ഷം ഗുളികകളടങ്ങിയ മൂവായിരത്തോളം പാഴ്സലുകൾ സംഘം അമേരിക്കയിലേക്ക് കടത്തിയതായി ഡിജിറ്റൽ തെളിവുകളിൽ നിന്ന് വ്യക്തമായി. അന്വേഷണത്തിനിടെ അമേരിക്കയിലേക്ക് അയക്കാൻ തയ്യാറാക്കിയിരുന്ന 1,500-ലധികം ഗുളികകളുടെ വിവരങ്ങൾ എൻസിബി യുഎസ് ഏജൻസിക്ക് കൈമാറുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ഡിഇഎ രണ്ട് വൻ ഷിപ്പ്മെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.

ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, സ്കൈപ്പ് എന്നിവ വഴിയാണ് ഇന്ത്യയിലുള്ള ഓപ്പറേറ്റർമാർ ഓർഡറുകൾ സ്വീകരിച്ചിരുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ഗൂഗിൾ ഷീറ്റുകളിലാണ് സൂക്ഷിച്ചിരുന്നത്. അമേരിക്കയിലുള്ള കൂട്ടാളികൾ യുഎസ് തപാൽ സർവീസ് വഴി മരുന്നുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുകയായിരുന്നു

അമേരിക്കൻ പേയ്മെന്റ് ആപ്പായ വെൻമോ, ബിനാമി ബാങ്ക് അക്കൗണ്ടുകൾ, യുപിഐ, ക്രിപ്റ്റോകറൻസി എന്നിവ വഴിയാണ് പ്രതികൾ പണം കൈപ്പറ്റിയിരുന്നത്. ഇതിനുപുറമെ ഹവാല ഇടപാടുകളും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിലെ 59,000-ത്തിലധികം ഉപഭോക്താക്കളുടെ വിലാസവും ഇടപാട് വിവരങ്ങളും അടങ്ങിയ ഡാറ്റാബേസ് എൻസിബി ഡിഇഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് അമേരിക്കയിലെ പ്രാദേശിക വിതരണക്കാരെയും ഉപഭോക്താക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ് ഏജൻസി. വിവിധ രാജ്യങ്ങളിൽ നിന്നാണ് ഈ മരുന്നുകൾ സംഭരിച്ചിരുന്നതെന്ന് സൂചനയുണ്ടെന്നും, അന്താരാഷ്ട്ര ഉറവിടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

500,000 narcotic pills smuggled from India to the US; Operation ‘Monsoon Thunder’ busts major drug network, six arrested.

More Stories from this section

family-dental
witywide