
തിരുവനന്തപുരം: പാചകവാതക വിലവർധനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകത്തെ മറ്റ് രാജ്യങ്ങളിലെ പാചകവാതക വില എത്രയാണെന്ന് ആദ്യം അന്വേഷിക്കണമെന്നും, ഇത്രയും കാലം ജനങ്ങൾ പിടിച്ചുനിന്നില്ലേ എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് റെക്കോർഡ് വിലവർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ തൽക്കാലം മാറ്റമില്ല.
വാണിജ്യ സിലിണ്ടർ (19 കിലോ) വില ഒറ്റയടിക്ക് 993 രൂപയോളം വർധിച്ചു. ഇതോടെ കൊച്ചിയിലും തിരുവനന്തപുരത്തും വാണിജ്യ സിലിണ്ടറിൻ്റെ വില 3000 രൂപ കടന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇപ്പോഴത്തെ ഈ കുത്തനെയുള്ള വർധനയ്ക്ക് കാരണമായി പറയുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിലവർധന ഹോട്ടൽ ഭക്ഷണവില വർധിക്കാൻ കാരണമായേക്കും.
ഇന്ധനവില ഇനിയും വർധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ജനങ്ങൾ സഹകരിക്കണമെന്ന സൂചനയാണ് അദ്ദേഹത്തിൻ്റെ മറുപടിയിലൂടെ വ്യക്തമാകുന്നത്. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നതിനിടയിലുള്ള കേന്ദ്രമന്ത്രിയുടെ ഈ പരാമർശം ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
‘Look at the prices in other countries, Suresh Gopi on the increase in cooking gas prices












