
ബേൺ: സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് മൗണ്ടൻ റിസോർട്ടിൽ വെള്ളിയാഴ്ച നടക്കാനിരുന്ന യുഎസ്-ഇറാൻ ചർച്ചകൾ മാറ്റിവെച്ചു. സ്വിസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിഎൻഎന്നാണ് വാർത്ത പുറത്തുവിട്ടത്.
ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ഭാവി തീയതികളെക്കുറിച്ച് മന്ത്രാലയം നിലവിൽ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ സ്വിറ്റ്സർലൻഡ് ഇപ്പോഴും സന്നദ്ധമാണെന്നും, ഇതിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ ബർഗൻസ്റ്റോക്കിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ചർച്ചകളുടെ അന്തിമരൂപം നിശ്ചയിക്കാത്തതിനെത്തുടർന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് സ്വിറ്റ്സർലൻഡിലേക്ക് നടത്താനിരുന്ന ഔദ്യോഗിക യാത്ര റദ്ദാക്കിയതായി വ്യാഴാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സമയക്രമത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും താൻ ചർച്ചകളിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതായി തൊട്ടുമുമ്പ് വൈസ് പ്രസിഡൻ്റും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ ധാരണകൾ വൈകിയതോടെയാണ് സന്ദർശനവും ചർച്ചകളും താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചത്.
US-Iran talks scheduled for Friday postponed; White House cancels Vice President JD Vance’s Swiss trip













