
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ കരാർ ഇറാൻ്റെ ‘നിരുപാധികമായ കീഴടങ്ങലാണെന്ന്’ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം ഇറാൻ്റെ പൂർണ്ണമായ പരാജയമാണ് കാണിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ‘ദി ആക്സിയോസ് ഷോ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപിൻ്റെ ഈ വിവാദ പരാമർശങ്ങൾ.
അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഇറാനെ പൂർണ്ണമായി തളർത്തിയെന്ന് ട്രംപ് പറഞ്ഞു. ഉപരോധത്തെ മറികടന്ന് ഒരു കപ്പലിന് പോലും പുറത്തുപോകാൻ കഴിഞ്ഞില്ല. പ്രസിഡൻ്റ് എന്ന നിലയിലുള്ള തൻ്റെ അധികാരത്തിൻ്റെ പരിധികളെക്കുറിച്ച് ഈ യുദ്ധം എന്തെങ്കിലും പഠിപ്പിച്ചോ എന്ന ചോദ്യത്തിന്, തൻ്റെ അധികാരങ്ങൾക്ക് അതിരുകളില്ലെന്നായിരുന്നു ട്രംപിൻ്റെ മറുപടി. “പരിധികളുണ്ടെന്ന് എനിക്കറിയാം, എന്നാൽ യഥാർത്ഥത്തിൽ അതിരുകളൊന്നുമില്ല,” ട്രംപ് വ്യക്തമാക്കി.
അതേസമയം, കരാറിലൂടെ താൻ ആഗ്രഹിച്ച പരമാവധി കാര്യങ്ങൾ ഇറാനിൽ നിന്ന് നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന വിമർശനങ്ങൾ ട്രംപ് തള്ളി. യുദ്ധം ഇനിയും നീണ്ടുപോയാൽ അത് ആഗോള ഇന്ധനക്ഷാമത്തിനും വലിയ സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്നതിനാലാണ് കരാറിന് തയ്യാറായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Trump calls new deal Iran’s unconditional surrender, says US President says his power knows no bounds.












