ലോസ് ഏഞ്ചൽസ് മേയർ തിരഞ്ഞെടുപ്പ്: സ്പെൻസർ പ്രാറ്റിനെ മറികടന്ന് മലയാളിയായ നിത്യ രാമൻ രണ്ടാം സ്ഥാനത്ത്; നവംബറിൽ അന്തിമ പോരാട്ടം

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് മേയർ സ്ഥാനത്തേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യമായ സിറ്റി കൗൺസിൽ അംഗം നിത്യ രാമന് നിർണായക മുന്നേറ്റം. ആവേശകരമായ പോരാട്ടത്തിൽ പ്രശസ്ത റിയാലിറ്റി ടിവി താരം സ്പെൻസർ പ്രാറ്റിനെ നേരിയ വോട്ടുകൾക്ക് മറികടന്ന് നിത്യ രാമൻ രണ്ടാം സ്ഥാനം പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയോടെ ആകെയുള്ള വോട്ടിൻ്റെ 83 ശതമാനവും എണ്ണിക്കഴിഞ്ഞപ്പോഴാണ് നിത്യ ലീഡ് ഉറപ്പിച്ചത്. നിലവിലെ മേയർ കാരെൻ ബാസ് ഇതിനകം തന്നെ നവംബറിൽ നടക്കുന്ന അന്തിമ റൺഓഫ് തിരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

നിലവിലെ വോട്ട് നില അനുസരിച്ച് നിത്യ രാമൻ 27.1 ശതമാനം വോട്ടുകൾ നേടിയപ്പോൾ സ്പെൻസർ പ്രാറ്റിന് 26.7 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. സോഷ്യൽ മീഡിയയിലെ ശക്തമായ സ്വാധീനത്തിലൂടെയും വലിയ ഓൺലൈൻ പ്രചാരണങ്ങളിലൂടെയും വോട്ടെണ്ണലിൻ്റെ ആദ്യഘട്ടത്തിൽ സ്പെൻസർ പ്രാറ്റായിരുന്നു മുന്നിൽ. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വോട്ട് നില മെച്ചപ്പെടുത്തിയ നിത്യ, ഇപ്പോൾ 0.4 ശതമാനം വോട്ടുകൾക്ക് പ്രാറ്റിനേക്കാൾ മുന്നിലെത്തി. പ്രാഥമിക ഘട്ടത്തിൽ മത്സരരംഗത്തുള്ള ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്ത സാഹചര്യത്തിൽ, ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആദ്യ രണ്ട് സ്ഥാനാർത്ഥികളായ കാരെൻ ബാസും നിത്യ രാമനും നവംബറിലെ അന്തിമ തിരഞ്ഞെടുപ്പിൽ നേരിട്ട് ഏറ്റുമുട്ടും.

തൃശൂരിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക്; ചരിത്രം കുറിച്ച് നിത്യ

1981-ൽ കേരളത്തിലെ തൃശൂരിലാണ് നിത്യ ജനിച്ചത്. ഒരു മലയാളി കുടുംബത്തിൽ ജനിച്ച അവർക്ക് ആറാം വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. ലോകപ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിൽ ബിരുദവും, എം.ഐ.ടിയിൽ നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മികച്ചൊരു വിദ്യാഭ്യാസ പശ്ചാത്തലമാണ് നിത്യയ്ക്കുള്ളത്.

പഠനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചെന്നൈയിലെ ചേരിനിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച അവർ, പിന്നീട് ലോസ് ഏഞ്ചൽസിലെ ഭവനരഹിതർക്കായി ‘SELAH’ എന്ന സംഘടന രൂപീകരിച്ച് സാമൂഹിക രംഗത്ത് സജീവമായി. 2020-ൽ ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിത്യ, ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായി ചരിത്രം കുറിച്ചിരുന്നു. അന്ന് 17 വർഷമായി കൗൺസിൽ അംഗമായിരുന്ന ഒരു മുതിർന്ന നേതാവിനെ പരാജയപ്പെടുത്തിയാണ് നിത്യ കൗൺസിലിലെത്തിയത്.

അപ്രതീക്ഷിത സ്ഥാനാർത്ഥിത്വവും രാഷ്ട്രീയ വിമർശനങ്ങളും

ആദ്യം മേയർ കാരെൻ ബാസിനെ പിന്തുണച്ചിരുന്ന നിത്യ രാമൻ, കഴിഞ്ഞ ഫെബ്രുവരിയിലാണ് അപ്രതീക്ഷിതമായി മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഭവനരഹിതരുടെ പുനരധിവാസം, കുറഞ്ഞ ചെലവിലുള്ള വീടുകളുടെ നിർമ്മാണം, ഹോളിവുഡ് തൊഴിൽ മേഖലയുടെ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

അതേസമയം, സ്കൂളുകൾക്ക് സമീപമുള്ള താൽക്കാലിക താമസയിടങ്ങൾ അനുവദിക്കുന്നതിലും, കൂടുതൽ പൊലീസുകാരെ നിയമിക്കുന്നതിലും നിത്യ പരാജയപ്പെട്ടുവെന്ന് കാരെൻ ബാസിൻ്റെ പ്രചാരണ വക്താവ് അലക്സ് സ്റ്റാക്ക് വിമർശിച്ചു.

ഒരു മലയാളി വംശജ അമേരിക്കയിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ ലോസ് ഏഞ്ചൽസിൻ്റെ മേയർ പദവിയിലേക്ക് മത്സരിക്കുന്ന നവംബറിലെ അന്തിമ വോട്ടെടുപ്പ് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരും മലയാളി സമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. ടെലിവിഷൻ പ്രൊഡ്യൂസറായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

Los Angeles Mayoral Election: Malayali Nithya Raman comes in second place, surpassing Spencer Pratt; Final fight in November

More Stories from this section

family-dental
witywide