മലനിരകളിൽ കത്തിയമർന്ന് ആഡംബര യാത്ര; കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യു.എസ് പൗരന്മാരുൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഇക്വഡോർ രഹസ്യാന്വേഷണ മേധാവിയും അമേരിക്കൻ മാധ്യമപ്രമുഖനും

നെയ്‌റോബി: വടക്കൻ കെനിയയിലെ സാംബുരു കൗണ്ടിയിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9:13 ഓടെയായിരുന്നു അപകടം. ലോലോക്വെ പർവതത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി (KCAA) സ്ഥിരീകരിച്ചു.

അമേരിക്കൻ പൗരന്മാരായ റോജർ എഡ്വേർഡ് ഡ്യുവാർട്ടെ, ആദം മാർട്ടിൻ ഹ്ലാവതി, ഹെൻറി പാർറ, പ്രമുഖ ടെലിവിഷൻ ശൃംഖലയായ ടെലിമുണ്ടോയുടെ വിവിധ സ്റ്റേഷനുകളുടെ പ്രസിഡന്റും ജനറൽ മാനേജരുമായ ജോസ് ആൽബർട്ടോ സുവാരസ് എന്നിവരാണ് മരിച്ച അമേരിക്കക്കാർ. ഇക്വഡോറിൻ്റെ നാഷണൽ ഇന്റലിജൻസ് ചീഫ് മിഷേൽ സെൻസി-കോണ്ടൂഗി, അദ്ദേഹത്തിന്റെ ഭാര്യയും ഇക്വഡോറിയൻ-അമേരിക്കൻ പൗരത്വമുള്ള വനിതയുമായ സ്റ്റെഫാനി മരിയ ഹോളിഹാൻ വാസ്കോനെസ്, കെനിയൻ പൈലറ്റ് ജോഷ് ഔട്ട്രാം എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റ് മൂന്നുപേർ.

ലോയിസാബയിൽ നിന്ന് എവാസൊ ന്യിരോയിലേക്ക് ഏഴ് യാത്രക്കാരുമായി പറക്കുകയായിരുന്ന ‘യൂറോകോപ്റ്റർ EC130 B4’ എന്ന ഹെലികോപ്റ്ററാണ് തകർന്നത്. ആഡംബര ട്രാവൽ ഏജൻസിയായ ‘&Beyond’ വഴി കെനിയ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളായിരുന്നു ഇവർ.

അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിച്ചതും പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കെനിയ റെഡ് ക്രോസിൻ്റെയും വിവിധ സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തിൽ തിരച്ചിലും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

അപകടകാരണം വ്യക്തമല്ലെന്നും കെനിയൻ അധികൃതരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായും ഹെലികോപ്റ്റർ കമ്പനിയായ ‘ലേഡി ലോറി’ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും കെനിയൻ അധികൃതരും അനുശോചനം രേഖപ്പെടുത്തി. കെനിയയിലെ യു.എസ് എംബസി പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ നയതന്ത്ര സഹായങ്ങൾ നൽകിവരുന്നുണ്ട്.

Luxury trip burns in the mountains; Seven people, including five US citizens, die in helicopter crash in Kenya