ഇറാൻ കരാർ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ്; എങ്കിലും ഇതൊരു നല്ല തുടക്കമെന്ന് മാക്രോൺ

പാരീസ്: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ധാരണാപത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ തർക്കങ്ങളും ഉടനടി പരിഹരിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എങ്കിലും ഈ കരാർ ലോകസമാധാനത്തിന് വളരെ നല്ലൊരു കാര്യമാണെന്ന് ജി-7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കരാർ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തന്നെ പരിഹരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ ഈ യുദ്ധം തുടരുന്നത് വഴി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നാം ചിന്തിക്കണമെന്ന് മാക്രോൺ ഓർമ്മിപ്പിച്ചു. ഹോർമുസ് കടലിടുക്ക് മാസങ്ങളോളം അടച്ചിടേണ്ടി വരിക, ലോകത്തെ മുഴുവൻ മാസങ്ങളോളമോ വർഷങ്ങളോളമോ അസ്ഥിരപ്പെടുത്താൻ ശേഷിയുള്ള എണ്ണ-വാതക സംഭരണശാലകൾ തകർക്കപ്പെടാനുള്ള സാഹചര്യം നിലനിൽക്കുക, മനുഷ്യജീവന്റെ വലിയ തോതിലുള്ള നഷ്ടം തുടരുക, ലബനനിലെ അസ്വീകാര്യമായ സാഹചര്യങ്ങളും ഒപ്പം മിഡിൽ ഈസ്റ്റ് മേഖലയുടെ മൊത്തത്തിലുള്ള തകർച്ചയും മാത്രമായിരിക്കും യുദ്ധം തുടർന്നാൽ സംഭവിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു അന്താരാഷ്ട്ര സമൂഹം എന്ന നിലയിൽ നമുക്ക് മാനുഷികവും രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്ക് മുതൽ ലബനൻ വരെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്ന ഈ പുതിയ സമാധാന കരാർ തികച്ചും സ്വാഗതാർഹവും നല്ലൊരു കാര്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കരാറിന്റെ കൂടുതൽ സാങ്കേതിക വ്യവസ്ഥകളിലേക്ക് ഇരുരാജ്യങ്ങളും കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide