
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കൃഷിഭൂമി ഉടമയായി തുടരുന്നു. രാജ്യത്തുടനീളം ഏകദേശം 2.42 ലക്ഷം ഏക്കർ കൃഷിഭൂമിയാണ് ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ളത്. എന്നാൽ അമേരിക്കയിലെ ഏറ്റവും വലിയ ഭൂവുടമകളുടെ പട്ടികയിൽ അദ്ദേഹം 44-ാം സ്ഥാനത്താണ്. സോഫ്റ്റ്‌വെയർ മേഖലയിലും ആഗോള ആരോഗ്യ പദ്ധതികളിലുമാണ് ബിൽ ഗേറ്റ്സ് പ്രധാനമായും അറിയപ്പെടുന്നത്. എന്നാൽ കാർഷിക ഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ വൻ നിക്ഷേപം ഗ്രാമീണ ഭൂമിയിലേക്കുള്ള സമ്പന്നരുടെ താൽപര്യം വർധിക്കുന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ്.
ഗേറ്റ്സിന്റെ ഭൂമിയുടെ വലിയൊരു ഭാഗം യുഎസിലെ തെക്കൻ സംസ്ഥാനങ്ങളിലാണ്. ലൂസിയാന, അർക്കൻസാസ് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഭൂമി കേന്ദ്രീകരിച്ചിരിക്കുന്നത്. കർഷകരല്ലാത്ത വൻകിട ഭൂവുടമകളുടെ സ്വാധീനം കാർഷിക മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇതോടെ കർഷക സമൂഹങ്ങളിലും സാമ്പത്തിക വിദഗ്ധർക്കിടയിലും ചർച്ചകൾ ശക്തമായി. ‘അർക്കൻസാസ് മണി ആൻഡ് പൊളിറ്റിക്സ്’ റിപ്പോർട്ട് പ്രകാരം, അമേരിക്കയിലാകെ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിൽ 2,68,984 ഏക്കർ ഭൂമിയുണ്ട്. ഇതിൽ ഭൂരിഭാഗവും കൃഷിഭൂമിയാണ്. 25,000 ഏക്കറിലധികം മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയും 1,200 ഏക്കറിലധികം വിനോദ ആവശ്യങ്ങൾക്കുള്ള ഭൂമിയും ഇതിൽ ഉൾപ്പെടുന്നു.
ലൂസിയാനയിൽ ഗേറ്റ്സ് കുടുംബത്തിന്റെ ഉടമസ്ഥതയിൽ 69,071 ഏക്കർ ഭൂമിയുണ്ട്. അദ്ദേഹത്തിന്റെ മൊത്തം ഭൂസ്വത്തിന്റെ നാലിലൊന്നിലധികമാണിത്. അർക്കൻസാസിൽ 47,927 ഏക്കർ ഭൂമിയാണ് കൈവശമുള്ളത്. എന്നാൽ അമേരിക്കയിലെ ഭൂരിഭാഗം കൃഷിഭൂമിയും ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലല്ല. യുഎസ് കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 2021ൽ രാജ്യത്ത് ഏകദേശം 89.5 കോടി ഏക്കർ കൃഷിഭൂമിയുണ്ടായിരുന്നു. അതിനാൽ ഗേറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കൃഷിഭൂമി ഉടമയാണെങ്കിലും അദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമി രാജ്യത്തെ ആകെ കൃഷിഭൂമിയുടെ ഒരു ശതമാനത്തിൽ താഴെയാണ്.
Bill Gates ranks only 44th among America’s largest landowners, but he remains the country’s biggest private farmland owner












