മുൻനിര നിർമിത ബുദ്ധി സ്ഥാപനമായ ഓപ്പൺഎഐയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സിഇഒ സാം ആൾട്ട്മാന്റെ അടുത്ത സഹപ്രവർത്തകനുമായ ബ്രാഡ് ലൈറ്റ്‌ക്യാപ് കമ്പനി വിടുന്നു. എട്ടുവർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. സ്വന്തമായി പുതിയ സംരംഭം ആരംഭിക്കുന്നതിനാണ് താൻ ഓപ്പൺഎഐ വിടുന്നതെന്ന് ലൈറ്റ്‌ക്യാപ് വ്യക്തമാക്കി. 2018-ൽ കമ്പനിയിൽ ചേർന്ന ലൈറ്റ്‌ക്യാപ്, ഒരു ഗവേഷണ സ്ഥാപനം മാത്രമായിരുന്ന ഓപ്പൺഎഐയെ ഇന്നത്തെ ആഗോള ബിസിനസ് ഭീമനാക്കി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് താൻ കമ്പനി വിടുന്ന വിവരം ലൈറ്റ്‌ക്യാപ് പങ്കുവെച്ചത്. പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് സാം ആൾട്ട്മാൻ രംഗത്തെത്തി. ഓപ്പൺഎഐയുടെ ആശയങ്ങളെ തുടക്കത്തിൽ പലരും തള്ളിക്കളഞ്ഞപ്പോഴും ലൈറ്റ്‌ക്യാപ് അതിനെ കൃത്യമായി മനസ്സിലാക്കി കൂടെനിന്ന കാര്യം ആൾട്ട്മാൻ ഓർത്തെടുത്തു. ലൈറ്റ്‌ക്യാപ്പിന്റെ സംഭാവനകൾ ഇല്ലാതെ ഓപ്പൺഎഐ ഇന്നത്തെ നിലയിൽ എത്തില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പൺഎഐ ഈ വർഷം അവസാനത്തോടെ ഓഹരി വിപണിയിൽ പ്രവേശിക്കാൻ (IPO) ഒരുങ്ങുന്നതിനിടയിലാണ് ഈ സുപ്രധാന മാറ്റം. നിലവിൽ 852 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി ഐപിഒയ്ക്ക് ശേഷം കൂടുതൽ വളർച്ച പ്രതീക്ഷിക്കുമ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരമായ പടിയിറക്കം കമ്പനിക്ക് ആശങ്കയാകുന്നുണ്ട്. അടുത്തിടെ എഐ ഗവേഷക നവോമി ബാഷ്കൻസ്‌കി, എഐ എത്തിക്‌സ് ലീഡ് ക്ലോയി ബക്കലാർ, സേഫ്റ്റി വിഭാഗം തലവൻ ജൊഹാനസ് ഹെയ്‌ഡെക്കെ, സോറ എഐ മേധാവി ബിൽ പീബിൾസ് എന്നിവരും സ്ഥാപനം ഉപേക്ഷിച്ചിരുന്നു.
OpenAI COO Brad Lightcap steps down to launch new venture












