
പാരീസ്: അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ധാരണാപത്രത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുന്ന വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ വിഖ്യാതമായ വെഴ്സായ് കൊട്ടാരത്തിൽ വെച്ചായിരുന്നു ലോകം ഉറ്റുനോക്കിയ ഈ കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.
“പ്രസിഡൻ്റ് ട്രംപ് ഇന്ന് രാത്രി വെഴ്സായിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള കരാർ ഒപ്പുവെച്ചിരിക്കുന്നു. ഈ ചരിത്രപരമായ ചുവടുവെപ്പ് നമ്മുടെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലൂടെ ഊർജ്ജ വിലയിൽ ഉടനടി കുറവുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.”-ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.
Le Président Trump a signé ce soir à Versailles l’accord entre l’Iran et les États-Unis.
— Emmanuel Macron (@EmmanuelMacron) June 18, 2026
Cet accord ouvre la voie à une paix durable et permet la réouverture du détroit d’Ormuz.
C’est un pas important dans la bonne direction pour nos compatriotes… pic.twitter.com/b1XgZrBv0m
മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ഈ കരാർ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കരാറിൻ്റെ ഭാഗമായി ആഗോള ഇന്ധന വിതരണത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കാൻ കരാർ വ്യവസ്ഥ ചെയ്യുന്നു. ചരക്കുനീക്കം പുനരാരംഭിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഊർജ്ജ-ഇന്ധന വിലയിൽ വലിയ തോതിലുള്ള കുറവ് ഉടൻ രേഖപ്പെടുത്തും. മിഡിൽ ഈസ്റ്റിൽ വർഷങ്ങളായി നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് പകരമായി ഒരു ശാശ്വത സമാധാന അന്തരീക്ഷം കെട്ടിപ്പടുക്കാൻ കരാർ വഴിയൊരുക്കും.
ലോകമെമ്പാടുമുള്ള വിപണികളെയും സാധാരണക്കാരെയും ഒരുപോലെ സ്വാധീനിക്കുന്ന ഒന്നായതിനാൽ, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ സാമ്പത്തിക-രാഷ്ട്രീയ ചലനങ്ങൾ ഈ കരാർ മൂലം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Macron shares video of Trump signing Iran-US peace deal















