
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയങ്ങളിൽ ഒന്നായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയും കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായെന്നും പൊലീസ് റിപ്പോർട്ട്.
ഇൻ്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രത്യേക അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘വൈര നാമ’വും സ്വർണ്ണവിളക്കും അപ്രത്യക്ഷമായിക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്നതും അതീവ അമൂല്യവുമായ ‘വൈര നാമ’ (വജ്ര തിലകം) വജ്രാഭരണം കഴിഞ്ഞ ആറുമാസമായി കാണാനില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി എന്നാണ് രേഖകളിൽ ഉള്ളതെങ്കിലും ഇത് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
ഇതിനുപുറമേ, ക്ഷേത്രത്തിലുണ്ടായിരുന്ന തട്ടുകളുള്ള സ്വർണ്ണവിളക്കിന് പകരം ഇപ്പോൾ വെള്ളി വിളക്കാണ് സ്ഥാപിച്ചിരിക്കുന്നത്. ഭക്തർ വഴിപാടായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായി ലംഘിക്കപ്പെടുന്നതായും പൊലീസ് കണ്ടെത്തലിലുണ്ട്. രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ചില വ്യക്തികളും ചില ക്ഷേത്ര ജീവനക്കാരും നിശ്ചിത സുരക്ഷാ പരിശോധനകൾ പൂർണ്ണമായി ഒഴിവാക്കി മറ്റൊരു കവാടത്തിലൂടെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കാൻ മുതിരുന്നില്ലെന്നും ഇൻ്റലിജൻസ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ഭക്തർ നൽകുന്ന സ്വർണ്ണ ഉരുപ്പടികളും എത്രയും വേഗം അതീവ സുരക്ഷയുള്ള സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ ഡിജിപി നിർദേശത്തിലുണ്ട്. രാജകുടുംബാംഗങ്ങളോ ഉന്നതരോ ഉൾപ്പെടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഒരാളെപ്പോലും കൃത്യമായ സുരക്ഷാ പരിശോധന കൂടാതെ ഉള്ളിലേക്ക് കടത്തിവിടരുതെന്നും നിർദേശം. കൂടാതെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കൾക്കും ലോക്കർ സുരക്ഷ ഉറപ്പാക്കി 24 മണിക്കൂറും സായുധ പൊലീസ് കാവൽ ഏർപ്പെടുത്തുകയും വേണം.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ക്ഷേത്ര സുരക്ഷയിലെ വലിയ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാണാതായ കോടിക്കണക്കിന് രൂപയുടെ വജ്രാഭരണവും സ്വർണ്ണവും വീണ്ടെടുക്കാനായി പൊലീസ് ഉന്നതതല അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Major security lapse at Padmanabhaswamy temple; ‘Vaira Nama’ diamond jewellery and gold missing, says DGP’s report















