
ദുബായ്: ഹോർമുസ് കടലിടുക്കിൻ്റെ തെക്ക് ഭാഗത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ (യുഎഇ) രണ്ട് എണ്ണടാങ്കറുകൾക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആറ് ഇന്ത്യക്കാർക്കും രണ്ട് യുക്രയ്ൻ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ഒമാൻ കടൽ അതിർത്തിക്കുള്ളിൽ വെച്ചാണ് യുഎഇയുടെ ‘അൽ-ബഹിയ’, ‘മൊംബാസ’ എന്നീ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതിൽ മൊംബാസയിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരനാണ് മരണപ്പെട്ടത്. മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ട് ടാങ്കറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തു. കപ്പലുകളിലെ തീ നിലവിൽ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവത്തെ തുടർന്ന് യുഎഇ സൈന്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏത് ശ്രമത്തോടും ശക്തമായി പ്രതികരിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, യുഎഇ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാജ്യാന്തര വാണിജ്യ കപ്പലുകളെയും ഹോർമുസ് കടലിടുക്കിനെയും സാമ്പത്തിക ബ്ലാക്ക് മെയിലിംഗിനോ സമ്മർദ്ദം ചെലുത്താനോ ഉള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നത് കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. ഇത് ഈ മേഖലയുടെ സ്ഥിരതയ്ക്കും ജനങ്ങൾക്കും, ഒപ്പം ആഗോള ഊർജ്ജ സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Iranian missile attack on UAE tankers in Strait of Hormuz; Indian employee killed, 6 Indians injured















