അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) കറൻസി ചെസ്റ്റിൽനിന്ന് 8.7 കോടി രൂപ മോഷ്ടിച്ച കേസിൽ പൊതുമേഖല ബാങ്ക് ജീവനക്കാരൻ അറസ്റ്റിലായി. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരൻ ഹർസിദ്ധ കഡിയാറാണ് പിടിയിലായത്. മോഷ്ടിച്ച പണം ഇയാൾ സ്വത്തുക്കൾ വാങ്ങാനും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റിയതായും കണ്ടെത്തി.
ആർ.ബി.ഐ.യുടെ കറൻസി ചെസ്റ്റുള്ള കലുപുർ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനാണ് ഇയാൾ. പുതിയ നോട്ടുകൾ സംഭരിക്കുന്നതിനും വിതരണംചെയ്യുന്നതിനുമുള്ള ആർ.ബി.ഐ.യുടെ സുരക്ഷിത സംഭരണസൗകര്യമാണ് ചെസ്റ്റ്. ജനുവരി 13-ന്ഇരുമ്പുപെട്ടികളിലായാണ് കഡിയാറും രണ്ട് കരാർത്തൊഴിലാളികളും ചേർന്ന് പണംകടത്തിയത്. സംശയം തോന്നാതിരിക്കാൻ ഇയാൾ ഏപ്രിൽ 20 വരെ ജോലിക്കു ഹാജരായി.
പിന്നീട് ദീർഘകാല അവധിയിൽപ്പോയി. പുതിയ ചുമതലക്കാരൻ ജോലിക്കെത്തി ഓഡിറ്റ് നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കഡിയാർ ജനുവരി 13-ന് ബാങ്കിലെത്തുന്നതും തിരിച്ച് പെട്ടികളുമായി മടങ്ങുന്നതും കണ്ടെത്തി.
തിരച്ചിലിൽ പ്രതിയായ കഡിയാറിന്റെ കാറിൽനിന്ന് 2.2 കോടി രൂപ കണ്ടെടുത്തിരുന്നു. മോഷണം അറിയാതിരിക്കാൻ ആർ.ബി.ഐ.യുടെ പോർട്ടലിൽ വ്യാജ ബാലൻസ് സർട്ടിഫിക്കറ്റുകൾ കഡിയാർ അപ്ലോഡ് ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Bank employee steals Rs 8.7 crore from RBI












