
വാഷിംഗ്‌ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കുന്നതിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച വിവാദ പരസ്യങ്ങളുടെ സംപ്രേക്ഷണം ഉടൻ നിർത്തലാക്കാൻ ഫെഡറൽ കോടതി ഉത്തരവിട്ടു. ഭരണകൂടത്തിന്റെ ഔദ്യോഗിക പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഞായറാഴ്ച വൈകുന്നേരം ജഡ്ജി ജെന്നിഫർ റോഷൻ അടിയന്തര സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
‘കോമൺ കോസ്’ എന്ന ഗവൺമെന്റ് വാച്ച്ഡോഗ് സംഘടനയുടെ നേതൃത്വത്തിലുള്ള സഖ്യം ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. യു.എസ് കിഴക്കൻ സമയം ഞായറാഴ്ച വൈകുന്നേരം 6:45 മുതൽ പരസ്യങ്ങൾ നൽകുന്നത് പൂർണ്ണമായി തടയാൻ കോടതി നിർദ്ദേശിച്ചു. പരസ്യപ്രചാരണം ഞായറാഴ്ച രാത്രിയോടെ തനിയെ അവസാനിക്കുമെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമുള്ള ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വാദം കോടതി തള്ളി. വരും ആഴ്ചകളിൽ ഭരണകൂടം വീണ്ടും നികുതിപ്പണം ഉപയോഗിച്ച് പരസ്യം നൽകുന്നത് തടയാൻ ലക്ഷ്യമിട്ടാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.
പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ഇതിനകം 19 മില്യൺ ഡോളർ (ഏകദേശം 1.9 കോടി ഡോളർ) ഈ പരസ്യങ്ങൾക്കായി ചിലവഴിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പിന്റെ ഫണ്ടിൽ നിന്ന് “പൊതുജനതാത്പര്യ പ്രഖ്യാപനങ്ങൾ” എന്ന പേരിലാണ് 20 മില്യൺ ഡോളർ ഇതിനായി അനുവദിച്ചിരുന്നത്. 2025-ൽ ട്രംപ് ഒപ്പുവെച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ -ന്റെ അനുസ്മരണ ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയാണിത്.
അതേസമയം, രാഷ്ട്രീയ പ്രചാരണങ്ങൾക്കോ പ്രൊപ്പഗണ്ടകൾക്കോ വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് നഗ്നമായ നിയമലംഘനമാണെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും വിവിധ വാച്ച്ഡോഗ് സംഘടനകളും ചൂണ്ടിക്കാണിച്ചു. പ്രമുഖ ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത തെരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിലുള്ള 13 പരസ്യങ്ങളും വൈറ്റ് ഹൗസിന്റെ സ്വന്തം വീഡിയോ ടീമും ട്രംപ് അനുകൂല ട്രോൾ ഗ്രൂപ്പുകളുമാണ് നിർമ്മിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പരസ്യങ്ങൾക്കായി ഇതിനകം ചിലവഴിച്ച കോടിക്കണക്കിന് തുക സർക്കാരിലേക്ക് തിരികെ അടയ്ക്കാൻ പ്രസിഡന്റ് ട്രംപിന് പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. വിവാദ പരസ്യങ്ങളെ ന്യായീകരിച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ രംഗത്തെത്തി. അതിർത്തി സുരക്ഷയിലുണ്ടായ പുരോഗതിയും മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള വിജയവും ജനങ്ങളെ അറിയിക്കാനാണ് ശ്രമിച്ചതെന്നും, അമേരിക്കയുടെ നേട്ടങ്ങളെക്കുറിച്ച് പെരുമ പറയാൻ അവസരം നൽകിയ ട്രംപിനെ അഭിനന്ദിക്കുന്നതായും മുള്ളിൻ മാധ്യമങ്ങളോട് പറഞ്ഞു.
Major setback for Trump; Federal court issues emergency ban on political advertisements funded by taxpayer money.














