പിഞ്ചുകുഞ്ഞ് സാക്ഷിയായ ഐ.സി.ഇ വെടിവയ്പ്പ്; ന്യൂയോർക്കിൽ ഫെഡറൽ ഏജൻസിയും മേയറും നേർക്കുനേർ, ചർച്ചകൾ പരാജയം, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മംദാനി

ന്യൂയോർക്ക്: ബ്രോങ്ക്സിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റ് കുടിയേറ്റക്കാരന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി രംഗത്ത്. ഐ.സി.ഇ ഏജന്റുമാരുടെ നടപടിയെയും ഇതിനോടുള്ള ന്യൂയോർക്ക് പൊലീസിന്റെ സമീപനത്തെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയറായ മംദാനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം, ഫെഡറൽ ഏജൻസിയായ ഐ.സി.ഇ നഗരത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം ശക്തമാക്കി.

നിയമപാലന ഏജൻസിയെന്നതിനേക്കാൾ ഒരു തീവ്രവാദ സംഘടനയെപ്പോലെയാണ് ഐ.സി.ഇ പെരുമാറുന്നതെന്നും ഇവരുടെ സാന്നിധ്യം നഗരത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മംദാനി കുറ്റപ്പെടുത്തി. ‘എം.എസ് നൗ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേയർ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന ഒരു ഫെഡറൽ ഏജൻസി നഗരത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിയായ ഓസ്കാർ ബെൽഗാൽ (28) എന്ന യുവാവിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. അഞ്ച് വയസ്സുകാരനായ മകനെ കാറിന്റെ പിൻസീറ്റിലിരുത്തി യാത്ര ചെയ്യുകയായിരുന്ന ബെൽഗാലിന്റെ കഴുത്തിനാണ് വെടിയേറ്റത്. മുൻപ് കവർച്ചാക്കേസിൽ ശിക്ഷിക്കപ്പെട്ടതും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതുമുൾപ്പെടെ നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ബെൽഗാൽ എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ഒട്ടേറെ ജനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ, ഓടിക്കൊണ്ടിരുന്ന വാഹനത്തിന് നേരെ പട്ടാപ്പകൽ വെടിയുതിർത്ത ഏജന്റുമാരുടെ നടപടിയെ മേയർ ശക്തമായി ചോദ്യം ചെയ്തു. ഒരു ഫെഡറൽ ഏജൻസിക്ക് യോജിച്ച രീതിയിലല്ല, മറിച്ച് ഒരു കൂട്ടക്കൊലയാളിയെപ്പോലെയാണ് വെടിവയ്പ്പ് നടത്തിയവർ പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുള്ള വാഹനങ്ങൾക്ക് നേരെ സാധാരണ രീതിയിൽ ന്യൂയോർക്ക് പൊലീസ് വെടിയുതിർക്കാറില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിമുടി അഴിമതി നിറഞ്ഞ ഐ.സി.ഇ നഗരത്തിൽ നിന്ന് പുറത്തുപോകണമെന്നാണ് ന്യൂയോർക്ക് നിവാസികൾ ആഗ്രഹിക്കുന്നത്. സംഭവത്തെത്തുടർന്ന് മേയർ മംദാനി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ എന്നിവരുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമൊന്നും ഉണ്ടായില്ല. നഗരത്തിലെ കമ്മ്യൂണിറ്റികളെ ഭീതിയിലാഴ്ത്താൻ ഫെഡറൽ ഏജന്റുമാരെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മേയർ. ഈ സംഭവം ന്യൂയോർക്ക് നഗരസഭയും ട്രംപ് ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

ICE shooting witnessed by a toddler; federal agency and Mayor clash in New York; talks fail; Mamdani demands high-level investigation.

Also Read

More Stories from this section

family-dental
witywide