
തൊടുപുഴ: മലയോര ഹൈവേ ഉദ്ഘാടനത്തോടനുബന്ധിച്ച് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഹിൽ ഹൈവേ റൺ’ കൂട്ടയോട്ട പരിപാടിയിൽ വൻ സാമ്പത്തിക ക്രമക്കേടും കണക്കുകളിൽ വൈരുധ്യവും ആരോപണം. വിവരാവകാശ രേഖകളിലൂടെയാണ് പരിപാടിയുടെ മറവിൽ നടന്ന കോടികളുടെ സുതാര്യതയില്ലാത്ത ഇടപാടുകൾ പുറത്തുവന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തൊടുപുഴയിൽ പണി പൂർത്തിയാക്കിയ ഹൈവേയിലൂടെയായിരുന്നു കൂട്ടയോട്ടം സംഘടിപ്പിച്ചത്. പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്ന ബോളിവുഡ് താരം മിലിന്ദ് സോമന് പ്രതിഫലം നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രധാന ദുരൂഹത ഉയരുന്നത്. മിലിന്ദ് സോമൻ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് കിഫ്ബിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, പരിപാടിയുടെ ഉപകരാർ എടുത്ത ഐടിപിസിഒഎസ് സമർപ്പിച്ച കണക്കുകളിൽ താരത്തിന് 15.34 ലക്ഷം രൂപ നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്ന് കിഫ്ബി പറയുമ്പോൾ, 15.34 ലക്ഷം രൂപ നൽകിയെന്ന് ഉപകരാർ ഏജൻസിയുടെ കണക്കുകൾ. നികുതി ഉൾപ്പെടെ 1,07,79,300 രൂപ കിഫ്ബിയിൽ നിന്ന് ലഭിച്ചതായാണ് കണക്ക്.
എന്നാൽ വിവിധ ഏജൻസികളുടെ ബില്ലുകൾ പരിശോധിക്കുമ്പോൾ ഏകദേശം 20 ലക്ഷത്തോളം രൂപയുടെ കുറവ് കാണുന്നു. സുതാര്യതയില്ലാത്ത രീതിയിൽ 19.90 ലക്ഷം രൂപയുടെ പണമിടപാടുകൾ നടന്നതായും രേഖകൾ വ്യക്തമാക്കുന്നു. കാസർകോട് സ്വദേശിയായ മുഹമ്മദ് അഷ്റഫ് വിവരവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കോടികളുടെ ഈ സാമ്പത്തിക ദുരൂഹതകൾ വെളിച്ചത്തു വന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
Hill Highway Rally: Discrepancies in figures and financial irregularities; KIIFB says Milind Soman did not receive remuneration, subcontracting agency says Rs 15.34 lakh was paid















