അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിഡന്റായി ഇന്ത്യൻ വംശജനായ മനേഷ് പട്ടേൽ

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ മനേഷ് ആർ. പട്ടേലിനെ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) 2026-27 വർഷത്തെ വോളന്റിയർ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജനാണ് പട്ടേൽ.നോർത്ത് കരോലിനയിലെ ഡർഹം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ പട്ടേൽ ജൂലൈ ഒന്നിന് ചുമതലയേറ്റു. സംഘടനയുടെ പ്രധാന വോളന്റിയർ ശാസ്ത്ര-മെഡിക്കൽ ഓഫീസറായും അദ്ദേഹം പ്രവർത്തിക്കും. മെഡിക്കൽ, ശാസ്ത്ര, പൊതുജനാരോഗ്യ വിഷയങ്ങളിലും ബന്ധപ്പെട്ട നയരൂപീകരണത്തിലും മേൽനോട്ടം വഹിക്കുകയാണ് പ്രധാന ചുമതല.

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അഭിമാനവും വിനയവും തോന്നുന്നതായി പട്ടേൽ പറഞ്ഞു. തന്റെ കുടുംബം പകർന്നുനൽകിയ മൂല്യങ്ങളുടെയും ജീവിതയാത്രയുടെയും പ്രതിഫലനമാണ് ഈ സ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരം ഒരൊറ്റ വ്യക്തിയേക്കാൾ വലുതാണ്. ഡ്യൂക്കിൽ ശാസ്ത്രത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും പട്ടേൽ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.

ഏകദേശം മൂന്ന് പതിറ്റാണ്ടായി ഡ്യൂക്ക് സർവകലാശാലയിൽ പ്രവർത്തിക്കുന്ന പട്ടേൽ നിലവിൽ കാർഡിയോളജി വിഭാഗം മേധാവിയും ഡ്യൂക്ക് ഹെൽത്തിലെ ഹാർട്ട് ആൻഡ് വാസ്കുലർ സർവീസസിന്റെ വൈസ് പ്രസിഡന്റുമാണ്. ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ റിച്ചാർഡ് സ്റ്റാക്ക് ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറും ഡ്യൂക്ക് ക്ലിനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇൻവെസ്റ്റിഗേറ്ററുമാണ്. ഹൃദയസംബന്ധമായ രോഗങ്ങളാണ് പട്ടേലിന്റെ പ്രധാന ഗവേഷണ മേഖല. രക്തം കട്ടപിടിക്കുന്നത് തടയുന്ന ചികിത്സകൾ, കൊറോണറി ആർട്ടറി രോഗത്തിന്റെ പരിശോധനാ രീതികൾ, ക്ലിനിക്കൽ ട്രയലുകളുടെ നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലും അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

നിരവധി ക്ലിനിക്കൽ ട്രയലുകൾക്ക് നേതൃത്വം നൽകിയ പട്ടേൽ 500ലധികം ഗവേഷണ പ്രബന്ധങ്ങളും അവലോകനങ്ങളും എഡിറ്റോറിയലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Web of Science പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട ഗവേഷകരിൽ ആദ്യ ഒരു ശതമാനത്തിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. 2023ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പട്ടേലിനെ ഫിസിഷ്യൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരുന്നു. ദീർഘകാലമായി സംഘടനയുടെ വോളന്റിയറായും മെഡിക്കൽ വിദഗ്ധനായും പ്രവർത്തിക്കുന്ന അദ്ദേഹം സയന്റിഫിക് സെഷൻസ് പ്രോഗ്രാം കമ്മിറ്റിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശാസ്ത്രീയ കണ്ടെത്തലുകൾ തെളിയിക്കപ്പെട്ട ചികിത്സകളാക്കി മാറ്റുകയും അവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന് മുൻഗണന നൽകുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ പട്ടേൽ പറഞ്ഞു. ലോകത്ത് വർധിച്ചുവരുന്ന ഹൃദ്രോഗഭാരത്തിലും പട്ടേൽ ആശങ്ക പ്രകടിപ്പിച്ചു. ആളുകൾ സ്വന്തം ഹൃദയാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതി ഷാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ഡ്യൂക്ക് സർവകലാശാലയിലെ ഫിസിഷ്യൻ-സയന്റിസ്റ്റായ സ്വാതി എച്ച്. ഷാ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ 2026-27 വർഷത്തെ വോളന്റിയർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സ്ഥാനമായ പ്രസിഡന്റ്-ഇലക്ട് ആയി നിയമിതയായി.ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ കാർഡിയോവാസ്കുലാർ ഡിസീസ് ഗവേഷണ വിഭാഗത്തിലെ ഉർസുല ഗെല്ലർ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറാണ് സ്വാതി ഷാ. ട്രാൻസ്ലേഷണൽ റിസർച്ചിന്റെ അസോസിയേറ്റ് ഡീനും ഡ്യൂക്ക് സെന്റർ ഫോർ പ്രിസിഷൻ ഹെൽത്ത് ആൻഡ് പ്രിസിഷൻ ജീനോമിക്സ് ഡയറക്ടറുമാണ്.

ഹൃദയ-മെറ്റബോളിക് രോഗങ്ങൾക്ക് കാരണമാകുന്ന ജനിതക, ഉപാപചയ ഘടകങ്ങളിലാണ് അവരുടെ പ്രധാന ഗവേഷണം. രോഗങ്ങളുടെ കാരണങ്ങളും ബയോമാർക്കറുകളും കണ്ടെത്താൻ ജീനോമിക്, മെറ്റബൊളോമിക്, പ്രോട്ടിയോമിക് സാങ്കേതികവിദ്യകളും അവർ ഉപയോഗിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ നിരവധി നേതൃത്വപദവികൾ വഹിച്ചിട്ടുള്ള സ്വാതി ഷാ സംഘടനയുടെ നാഷണൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അംഗമാണ്.

2026-27 സാമ്പത്തിക വർഷത്തിലെ മറ്റ് പ്രധാന വോളന്റിയർ നേതാക്കളിൽ ലീ എ. ഷാപിറോ നാഷണൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർപേഴ്സണായും, ലിൻഡ ഗുഡൻ ചെയർപേഴ്സൺ-ഇലക്ടായും, റോബർട്ട് എച്ച്. “ബോബ്” സ്വാൻ ട്രഷറായും തുടരും. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ 2026-27 സാമ്പത്തിക വർഷം 2026 ജൂലൈ 1 മുതൽ 2027 ജൂൺ 30 വരെയാണ്.

Manesh Patel named American Heart Association volunteer president

More Stories from this section

family-dental
witywide