വൻ നാണക്കേട്! ഇറാഖ് യുദ്ധനായകനെതിരെ യുഎസിൽ അന്വേഷണം; മറൈൻ കോർപ്സ് മുൻ ഉദ്യോഗസ്ഥനുമായ ബ്രാഡ്‌ലി കസാലിനെതിരെ ഗുരുതര ആരോപണം

ഹെൻഡേഴ്സൺ (നെവാഡ): ഇറാഖ് യുദ്ധത്തിലെ വീരകൃത്യങ്ങളിലൂടെ അമേരിക്കയുടെ രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതി നേടിയ യുഎസ് മറൈൻ കോർപ്സ് മുൻ ഉദ്യോഗസ്ഥൻ ബ്രാഡ്‌ലി കസാലിനെതിരെ ഫെഡറൽ ഏജൻസി ക്രിമിനൽ അന്വേഷണം ആരംഭിച്ചു. വിരമിച്ച സർജന്റ് മേജറായ കസാൽ, ഹൈസ്കൂളിൽ ‘ജൂനിയർ റിസർവ് ഓഫീസേഴ്സ് ട്രെയിനിംഗ് കോർപ്സ്’ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലെ ചില ആരോപണങ്ങളെത്തുടർന്നാണ് നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് അന്വേഷണം നടത്തുന്നത്. സി.ബി.എസ് ന്യൂസാണ് ഈ വിവരം പുറത്തുവിട്ടത്.

നെവാഡയിലെ ഹെൻഡേഴ്സണിലുള്ള ‘ബേസിക് അക്കാദമി ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്’ എന്ന പബ്ലിക് ഹൈസ്കൂളിൽ അദ്ദേഹം സിവിലിയൻ ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്ന കാലഘട്ടവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ആരോപണങ്ങളുടെ കൃത്യമായ സ്വഭാവം അന്വേഷണ ഏജൻസി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻ.സി.ഐ.എസ്, കസാലിനെതിരായ ആരോപണങ്ങളിൽ സജീവമായ അന്വേഷണം നടത്തിവരികയാണെന്ന് മറൈൻ കോർപ്സ് സ്ഥിരീകരിച്ചു. സാധാരണഗതിയിൽ നിലവിലുള്ള അന്വേഷണങ്ങളെക്കുറിച്ച് എൻ.സി.ഐ.എസ് ഔദ്യോഗികമായി പ്രതികരിക്കാറില്ല എന്നതിനാൽ ഈ കേസ് ഏറെ ശ്രദ്ധേയമാണ്.

34 വർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച ബ്രാഡ്‌ലി കസാൽ, 2004-ലെ രണ്ടാം ഫല്ലൂജ യുദ്ധത്തിലെ ധീരതയിലൂടെയാണ് ലോകശ്രദ്ധ നേടിയത്. വെടിയുണ്ടകളും ഗ്രനേഡ് ചീളുകളും തുളച്ചുകയറി രക്തത്തിൽ കുളിച്ച നിലയിലും, തോക്കും കത്തിയും കൈവിടാതെ സഹപ്രവർത്തകരുടെ സഹായത്തോടെ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വരുന്ന അദ്ദേഹത്തിന്റെ ചിത്രം അമേരിക്കൻ സൈനിക ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. പിന്നീട് രണ്ട് മറൈൻ ബേസുകളിൽ ഈ ദൃശ്യം പ്രതിമകളായി സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. മെഡൽ ഓഫ് ഓണറിന് തൊട്ടുതാഴെയുള്ള ‘നേവി ക്രോസ്’, രണ്ട് ‘പർപ്പിൾ ഹാർട്ട്’ ബഹുമതികൾ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സി.ബി.എസ് ന്യൂസ് മുൻ വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും ഉൾപ്പെടെ 40-ഓളം പേരുമായി സംസാരിച്ചു. തിരഞ്ഞെടുത്ത ചില പെൺകുട്ടികൾക്ക് കസാൽ സ്ഥിരമായി തന്റെ വാഹനത്തിൽ വീട്ടിലേക്ക് യാത്രാസൗകര്യം നൽകാറുണ്ടായിരുന്നെന്നും, സ്കൂൾ പരിപാടികൾക്ക് പുറമെ ഇവരെ സ്റ്റാർബക്സ് പോലുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി സമയം ചെലവഴിച്ചിരുന്നെന്നും ചില കേഡറ്റുകൾ ആരോപിച്ചു. ചില സന്ദർഭങ്ങളിൽ അദ്ദേഹം ഒരു കേഡറ്റിനൊപ്പം മുറിക്കുള്ളിൽ തനിച്ചായിരുന്നതായും ഇവർ വെളിപ്പെടുത്തി. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബ്രാഡ്‌ലി കസാൽ ഇതുവരെ തയ്യാറായിട്ടില്ല.

More Stories from this section

family-dental
witywide