
ലോകമാധ്യമ രംഗത്തെ നിശബ്ദ വിപ്ലവകാരിയും സിഎൻഎൻ (CNN) സ്ഥാപകനുമായ ടെഡ് ടെർണർ അന്തരിച്ചു. 87 വയസ്സായിരുന്നു. ലോകത്താദ്യമായി 24 മണിക്കൂർ വാർത്താ സംപ്രേഷണം എന്ന വിപ്ലവകരമായ ആശയം പ്രാവർത്തികമാക്കിയ അദ്ദേഹം ടെലിവിഷൻ മാധ്യമ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. 1980-ൽ കേബിൾ ന്യൂസ് നെറ്റ്‌വർക്ക് ആരംഭിക്കുമ്പോൾ അസാധ്യമെന്ന് കരുതിയ ലക്ഷ്യമായിരുന്നു തത്സമയ വാർത്താ സംപ്രേഷണം. എന്നാൽ തന്റെ ദീർഘവീക്ഷണത്തിലൂടെ മാധ്യമ വാർത്താ വിതരണത്തിന്റെ ഗതി തന്നെ അദ്ദേഹം മാറ്റി എഴുതി.
വാർത്തകൾക്ക് പുറമെ വിനോദ-കായിക രംഗങ്ങളിലും വിപുലമായൊരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1985-ൽ 1.5 ബില്യൺ ഡോളർ ചിലവിട്ട് എംജിഎം സ്റ്റുഡിയോയുടെ സിനിമാ ശേഖരം സ്വന്തമാക്കിയ അദ്ദേഹം, 1992-ൽ പ്രശസ്തമായ കാർട്ടൂൺ നെറ്റ്‌വർക്കിന് രൂപം നൽകി. 1996-ൽ തന്റെ ടർണർ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തെ ടൈം വാർണറുമായി ലയിപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയുടെ നട്ടെല്ലായി അദ്ദേഹം മാറി. ഗുഡ്‌വിൽ ഗെയിംസ് എന്ന പേരിൽ കായിക മാമാങ്കത്തിന് തുടക്കമിട്ടതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഒരു ബിസിനസ്സ് ഭീമൻ എന്നതിലുപരി ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകരിൽ ഒരാളായിരുന്നു ടെർണർ. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ബില്യൺ ഡോളർ സംഭാവനയായി നൽകിക്കൊണ്ട് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. മനുഷ്യാവകാശ പോരാട്ടങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. മാധ്യമ ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിത്വമായി വിശേഷിപ്പിക്കപ്പെടുന്ന ടെഡ് ടെർണറുടെ വിയോഗം ആഗോള മാധ്യമ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.
Media mogul and CNN founder Ted Turner passes away; the visionary behind 24-hour news era ends his journey












