‘മിസിസിപ്പിയിലെ അത്ഭുതം’; ന്യൂ ഓർലിയൻസിൽ കപ്പലുകൾ കൂട്ടിയിടിച്ച അപകടത്തിൽ 130 പേരെയും രക്ഷപ്പെടുത്തി

അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ മിസിസിപ്പി നദിയിൽ ടാങ്കർ കപ്പലുമായി കൂട്ടിയിടിച്ച് മറിഞ്ഞ ക്രൂയിസ് കപ്പലിലുണ്ടായിരുന്ന 130 ഓളം പേരെയും രക്ഷപ്പെടുത്തി. അപകടത്തിൽ 32 പേർക്ക് നിസാര പരുക്കേറ്റു. ആരെയും കാണാതായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തെ ‘മിസിസിപ്പിയിലെ അത്ഭുതം’ എന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

‘അമേരിക്കൻ ഹെറിറ്റേജ്’ എന്ന ക്രൂയിസ് കപ്പലാണ് ‘അറ്റ്ലാന്റിക് അസ്ഫാൾട്ട്’ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം. കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞതോടെ യാത്രക്കാർ പുറത്തുകടക്കാൻ ശ്രമിച്ചു. പിന്നീട് കപ്പൽ പൂർണമായും വശത്തേക്ക് മറിഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. കപ്പലിന്റെ നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാറാകാം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ മെലാനി ബേൺഹാം പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ടഗ് ബോട്ടുകളുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരച്ചിൽ സുഗമമാക്കാൻ മിസിസിപ്പി നദിയിലെ കപ്പൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

രക്ഷാപ്രവർത്തകരെ ന്യൂ ഓർലിയൻസ് മേയർ ഹെലീന മൊറേനോ അഭിനന്ദിച്ചു. ആരെയും കാണാതായിട്ടില്ലെന്നത് വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയും പ്രശംസിച്ചു.

അപകടത്തിന് സാക്ഷിയായ ജാമി ഹോൾഫോർഡ്, കപ്പലുകൾ കൂട്ടിയിടിച്ച ശബ്ദം യുദ്ധസിനിമയിലേതുപോലെയായിരുന്നുവെന്ന് പറഞ്ഞു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും നിലവിളിച്ച് പുറത്തുകടക്കാൻ ശ്രമിക്കുന്നത് കണ്ടതായും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ ക്രൂയിസ് ലൈൻസ് നടത്തുന്ന കപ്പലിൽ 150 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകും. ലൂസിയാനയിലെയും മിസിസിപ്പിയിലെയും നദീതീര കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള എട്ടുദിവസത്തെ യാത്ര പൂർത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

‘Miracle on Mississippi’ – All passengers rescued after New Orleans cruise ship collision

More Stories from this section

family-dental
witywide