മൂന്നാം ദിനവും ചക്കക്കൊമ്പൻ ദൗത്യം പരാജയം; രണ്ട് ഡോസ് മയക്കുവെടിയേറ്റിട്ടും ആന കാടുകയറി, ദൗത്യം താത്കാലികമായി നിർത്തിവെച്ചു

മൂന്നാർ: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും പരാജയപ്പെട്ടു. രണ്ട് ഡോസ് മയക്കുവെടി വെച്ചിട്ടും ആന മയങ്ങാത്തതിനെ തുടർന്ന് ദൗത്യം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലെന്ന് സി.സി.എഫ്. വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും മയക്കുവെടി വെച്ചിരുന്നെങ്കിലും ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മൂന്നാം ദിവസവും ദൗത്യം തുടർന്നത്.

രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ചക്കക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയത്. ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്കോ 301 കോളനി ഭാഗത്തേക്കോ നീങ്ങാതിരിക്കാൻ ബോട്ടിൽ ഉൾപ്പെടെ സംഘത്തെ വിന്യസിച്ചിരുന്നു. ഇതിനിടെ എൺപതേക്കറിൽ നിന്ന് തുരുത്തിലേക്ക് പോകുന്ന വഴി തുറസായ പ്രദേശത്തേക്ക് നീങ്ങിയ ആന, ഡാമിലെ വെള്ളത്തിലിറങ്ങി നീന്തുകയും പിന്നീട് ലാസ, ഇടികുഴി, മറയൂർ കുടി, കൊക്കു പാറ എന്നീ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു.

വൈകിട്ട് മൂന്ന് മണിയോടെ 301 ഏക്കറിലെ അംഗനവാടിക്ക് സമീപത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. വെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പനെ ബോട്ടിലെത്തിയ ദൗത്യസംഘം കരയ്ക്ക് കയറ്റി. കരകയറിയ ആന ഈട്ടിക്കവല ഭാഗത്തേക്ക് ഓടുകയും തുടർന്ന് ജലാശയത്തിലിറങ്ങി മറുകരയിലേക്ക് നീന്തുകയുമായിരുന്നു.

രണ്ടാമത്തെ ഡോസ് മയക്കുവെടിയേറ്റതിന് പിന്നാലെയും ജലാശയത്തിലിറങ്ങിയ ആന കുറച്ചുസമയത്തിന് ശേഷം കരയ്ക്ക് കയറി. ഈ സമയം ദൗത്യസംഘവും കുങ്കിയാനകളും ചക്കക്കൊമ്പനരികിലേക്ക് നടന്നടുത്തെങ്കിലും ആന സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ദൗത്യസംഘാംഗങ്ങൾ ഓടി രക്ഷപ്പെടുകയും ചക്കക്കൊമ്പൻ കാട്ടിലേക്ക് കയറിപ്പോവുകയും ചെയ്തു.

Mission Chakkakomban fails on third day; elephant retreats into forest despite two tranquilizer darts, operation suspended until further notice

More Stories from this section

family-dental
witywide