ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും, മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതി തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി: പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ 50 ശതമാനം വർധിപ്പിക്കും. ഭൂരിഭാഗം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്ന ഈ ആവശ്യം ബില്ലിൽ ഉൾപ്പെടുത്തിയതിലൂടെ ഇരുസഭകളിലും ബിൽ എളുപ്പത്തിൽ പാസാക്കിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേവാതീർഥിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.

1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ലോക്‌സഭയിൽ ലഭിക്കുന്ന സീറ്റ് വിഹിതം കണക്കാക്കുന്ന നിലവിലെ രീതി 25 വർഷത്തേക്ക് കൂടി, അതായത് 2051 വരെ തുടരാനും മന്ത്രിസഭ തീരുമാനിച്ചു. ലോക്‌സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്തുന്നതാണ് നിർദിഷ്ട ബിൽ.

പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധിപ്പിച്ചിട്ടുള്ള പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഇതിനായി വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി നവംബർ 30-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബിൽ നേരത്തെ ഏപ്രിൽ മാസത്തിലെ പ്രത്യേക സമ്മേളനത്തിലും അവതരിപ്പിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide