ജി7 ഉച്ചകോടിയിൽ മോദി – ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; നയതന്ത്ര ബന്ധം വീണ്ടും തളിർക്കുന്നു

ന്യൂഡൽഹി: ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും മുഖാമുഖം വരാൻ സാധ്യത. ഇരു നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യയും യുഎസും ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഉച്ചകോടിയുടെ ഇടവേളകളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ചകൾ നടത്തുന്നതിനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക കൂടിക്കാഴ്ചയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ആതിഥേയനായ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള മറ്റ് ജി7 രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

2025 ഫെബ്രുവരിയിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതിന് പിന്നാലെ മോദി യുഎസ് സന്ദർശിച്ചിരുന്നു. അതിനുശേഷം ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ചകൾ ഒന്നും നടന്നിട്ടില്ല. വ്യാപാര തർക്കങ്ങൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിലുള്ള യുഎസിൻ്റെ എതിർപ്പ്, കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിൻ്റെ പ്രസ്താവന എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയിരുന്നു.

വിയോജിപ്പുകൾ പൂർണ്ണമായി പരിഹരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ ഇന്ത്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് കാരണമായി. ട്രംപിന് വേണ്ടി അദ്ദേഹം പ്രധാനമന്ത്രി മോദിയെ യുഎസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ ഈ ക്ഷണം സ്വീകരിച്ച കാര്യത്തിൽ ഇതുവരെ പരസ്യമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

വരുന്ന ഡിസംബറിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി യുഎസിലേക്ക് തിരിക്കുമെന്നാണ് സൂചന. ഒരു വർഷത്തിലേറെയായി ഇരുരാജ്യങ്ങളും ചർച്ച ചെയ്യുന്ന ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി പുരോഗമിക്കുകയാണ്.

Modi-Trump meeting likely at G7 summit

More Stories from this section

family-dental
witywide