അപകടം മണത്ത് ട്രംപ്, പിന്നാലെ ന്യായീകരണം! ജനങ്ങൾക്ക് അമർഷം ഇന്ധനവില വർദ്ധനയിൽ മാത്രം, യുദ്ധത്തിന് എതിരല്ലെന്ന് യുഎസ് പ്രസിഡന്റ്

വാഷിം​ഗ്ടൺ: യുഎസ്-ഇറാൻ യുദ്ധത്തിനെതിരെ അമേരിക്കൻ ജനങ്ങൾക്കിടയിൽ എതിർപ്പില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പൊതുജനങ്ങളുടെ ആശങ്ക യുദ്ധത്തെയോ സൈനിക നീക്കങ്ങളെയോ കുറിച്ചല്ലെന്നും, മറിച്ച് ഇന്ധനവില വർദ്ധനവിനെക്കുറിച്ചാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഡെലവെയറിലെ ഡോവർ എയർഫോഴ്സ് ബേസിലേക്ക് തിരിക്കും മുൻപാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചത്.

അടുത്തിടെ പുറത്തുവന്ന സർവേകൾ ഇന്ധനവില വർദ്ധനവിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയാണ് വ്യക്തമാക്കുന്നതെന്നും, അല്ലാതെ ജനങ്ങൾ യുദ്ധത്തിന് എതിരല്ലെന്നുമാണ് ട്രംപ് വാദിച്ചത്. എന്നാൽ, അമേരിക്കൻ ജനതയിൽ ഭൂരിഭാഗവും യുദ്ധത്തെ എതിർക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് പ്രസിഡന്റിന്റെ ഈ പ്രസ്താവന.

വാഷിംഗ്ടൺ പോസ്റ്റ്-ഇപ്സോസ് അടുത്തിടെ നടത്തിയ സർവേ പ്രകാരം 68 ശതമാനം അമേരിക്കക്കാരും ഈ യുദ്ധം അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 28 ശതമാനം പേർ മാത്രമാണ് യുദ്ധത്തെ പിന്തുണച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളുടെ സമയത്ത് ലഭിച്ചതിനേക്കാൾ വലിയ തിരിച്ചടിയാണ് സർവേ ഫലങ്ങളിൽ ട്രംപിന്റെ നയങ്ങൾക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ട്രംപ് തുടക്കം കുറിച്ച ഈ സൈനിക നടപടിക്കെതിരെ രാജ്യത്തുടനീളം വൻ ജനരോഷം ഉയരുന്നുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide