
രഹസ്യ ആണവായുധ പദ്ധതികളൊന്നും രാജ്യത്തിനില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഭൂഗർഭ ആണവ നിലയമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പർവ്വത മേഖലയിൽ ആക്രമണം നടത്തുമെന്ന അമേരിക്കയുടെ ഭീഷണി അക്രമത്തിനുള്ള മറ മാത്രമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് അറിയാത്ത യാതൊരു ആണവ പദ്ധതികളും തങ്ങൾക്കില്ലെന്നും, അമേരിക്ക ഏതെങ്കിലും രീതിയിലുള്ള സാഹസത്തിന് മുതിർന്നാൽ മുഴുവൻ ശക്തിയുമെടുത്ത് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, അമേരിക്ക വലിയ രീതിയിലുള്ള ആക്രമണത്തിന് തയാറെടുക്കുന്നു എന്ന ആശങ്ക ഇറാനുണ്ട്. മേഖലയിൽ യു.എസ്. വ്യോമസേനയുടെ റഡാർ സംവിധാനങ്ങൾ, പോർവിമാനങ്ങൾ, ഡ്രോണുകൾ എന്നിവ തകർക്കാനാണ് ഇറാന്റെ ശ്രമം. ജോർദാനിൽ എഫ്-15 പോർവിമാനങ്ങളുടെ കേന്ദ്രം, എം.ക്യു-9 ഡ്രോണുകൾ, രണ്ട് ഹെലിക്കോപ്റ്ററുകൾ എന്നിവ ആക്രമിച്ചതായി അവകാശപ്പെട്ടതിനൊപ്പം, കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. ഇതിനിടെ ഇറാൻ സേനാ ജനറൽ കമാൻഡർ ഇസ്ഫഹാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് സുരക്ഷാവ്യവസ്ഥകൾ വിലയിരുത്തി.
മറുഭാഗത്ത്, ഇറാന് യാതൊരു തരത്തിലുള്ള ചർച്ചകളിലും ഗൗരവമോ താൽപര്യമോ ഇല്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാട്. തങ്ങൾ നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും തയാറാണെന്നും എന്നാൽ ഇറാൻ വഴങ്ങാൻ തയ്യാറായില്ലെങ്കിൽ അതിശക്തമായ സൈനിക ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മധ്യപൂർവേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്കേറ്റവും സൈനിക നീക്കങ്ങളും അതിരൂക്ഷമായി തുടരുകയാണ്.
Iran Denies Secret Nuclear Plans; Claims More US Troops Killed as Tensions Escalate













