മോദി-ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം? G7 ഉച്ചകോടിയിൽ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത

ന്യൂഡൽഹി: ലോക രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന നേതാക്കളുടെ കൂട്ടുകെട്ടുകളിൽ ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ളത്. ഏറെ നാളുകൾക്ക് ശേഷം ഈ രണ്ട് നേതാക്കളും വീണ്ടും നേരിൽ കാണാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത മാസം ഫ്രാൻസിൽ നടക്കുന്ന G7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും പ്രധാന ആഗോള വേദികളിൽ നേരിൽ കണ്ടിട്ടില്ല. എന്നാൽ ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിലെ ഇവിയാൻ-ലെ-ബെയ്ന്സിൽ നടക്കുന്ന G7 ഉച്ചകോടിയിൽ ഇത് സാധ്യമായേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ട്രംപിന്റെ അനിശ്ചിത രാഷ്ട്രീയ ശൈലി കണക്കിലെടുക്കുമ്പോൾ ഔപചാരികമല്ലാത്ത ഒരു കൂടിക്കാഴ്ച പോലും നടന്നേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇന്ത്യ-അമേരിക്ക വ്യാപാര തർക്കങ്ങളിൽ ഇതിലൂടെ പുരോഗതി ഉണ്ടാകുമോയെന്നത് വ്യക്തമല്ല.2025 ഫെബ്രുവരിയിലായിരുന്നു മോദിയും ട്രംപും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ട്രംപ് വീണ്ടും പ്രസിഡന്റായതിന് പിന്നാലെ വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളായിരുന്നു മോദി. അന്നത്തെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും വ്യാപാരം 2030ഓടെ 500 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പിന്നീട് ഇന്ത്യ-പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വസ്ഥത സൃഷ്ടിച്ചു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന് താനാണ് കാരണമായതെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം കാനഡയിൽ നടന്ന G7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നെങ്കിലും, ട്രംപ് ഉച്ചകോടി പാതിവഴിയിൽ വിട്ടതോടെ അത് നടക്കാതെ പോയിരുന്നു.

Modi-Trump meeting next month? A crucial meeting is likely at the G7 summit

More Stories from this section

family-dental
witywide