മേപ്പാടി ദുരന്തം: വയനാടിനൊപ്പം ഉറച്ചുനിൽക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഹ്വാനം

വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം പിയുമായ രാഹുൽ ഗാന്ധി ആഴത്തിലുള്ള വേദന രേഖപ്പെടുത്തി. ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുരന്തബാധിതരായ എല്ലാവർക്കുമൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും വലിയ പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ചരിത്രമാണ് വയനാടിനുള്ളതെന്നും ഈ വൻ ദുരന്തത്തിലും ഓരോ കുടുംബത്തിനും ഒപ്പം താൻ ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്രയും വേഗം എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ പ്രയാസകരമായ സാഹചര്യത്തിൽ ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വയനാട് എം പി പ്രിയങ്ക ഗാന്ധിയും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു. ജില്ലാ ഭരണകൂടം, തിരുവനന്തപുരത്തുനിന്ന് സ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ എന്നിവരുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്നും ഭരണകൂടത്തിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ സഹായങ്ങൾ എത്തിക്കാൻ യു ഡി എഫ് പ്രവർത്തകരും പൊതുജനങ്ങളും മുന്നോട്ടുവരണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

Wayanad Landslide: Rahul Gandhi and Priyanka Gandhi Express Deep Condolences, Urge Workers to Join Relief Operations

More Stories from this section

family-dental
witywide