മേപ്പാടി തുരങ്കപാത ദുരന്തം: രാത്രിയിലും രക്ഷാപ്രവർത്തനം സജീവം; മന്ത്രിമാർ സംഭവസ്ഥലത്ത്, പരിക്കേറ്റവരെ സന്ദർശിച്ചു, അവലോകനയോഗം കഴിഞ്ഞു

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കനത്ത മഴയെയും അവഗണിച്ച് രാത്രിയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വയനാട്ടിലെത്തിയ മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ എന്നിവർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡി ഐ ജി കെ കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരുകയും പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.

ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്; നിസാര പരിക്കേറ്റ രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ വിംസ് ആശുപത്രിയിൽ ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ (ജയ), കുഞ്ചു, സന്തോഷ് കുമാർ തുടങ്ങി ഒൻപത് പേരാണ് ചികിത്സയിൽ കഴിയുന്നത്. വൻതോതിൽ മണ്ണൊലിച്ചെത്തിയതിനെ തുടർന്ന് പ്രദേശത്തെ വീടും പള്ളിയും ബസ് സ്റ്റോപ്പും തൊഴിലാളികളുമായി വന്ന ബസുകളും പൂർണ്ണമായി മണ്ണിനടിയിലായി. മീനാക്ഷി പാലവും നിലവിൽ അപകടാവസ്ഥയിലാണ്. അതേസമയം, മുൻകരുതലിന്റെ ഭാഗമായി ചുളിക്ക ജി എൽ പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ കാഞ്ഞിരോട് പോളിടെക്നിക് കോളേജിലെ പുതിയ ക്യാമ്പിലേക്ക് സുരക്ഷിതമായി മാറ്റിവരികയാണ്.

വയനാട്ടിലുണ്ടായ അപകടം അത്യന്തം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണ് അടിയന്തരമായി മാറ്റണമെന്ന് കഴിഞ്ഞ മാസം 20ന് തന്നെ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നുവെന്നും എന്നാൽ കരാറുകാർ ഈ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകാതിരുന്നതാണ് വലിയ ദുരന്തത്തിന് കാരണമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Meppadi Landslide: Night Rescue Continues as Ministers Visit Spot; CM V D Satheesan Blames Contractors for Lapses

More Stories from this section

family-dental
witywide