വാഷിങ്ടൺ: ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുടെ വില കുറച്ച് അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ട്. ബീഫ്, കൊക്കക്കോള, അലക്കുപൊടി തുടങ്ങി ഭക്ഷ്യവസ്തുക്കളും ഗാർഹിക ഉൽപ്പന്നങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. വേനൽക്കാലത്ത് ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
വാൾമാർട്ട് സ്റ്റോറുകൾ, സാംസ് ക്ലബ് ഔട്ട്‌ലെറ്റുകൾ, Walmart.com, SamsClub.com, വാൾമാർട്ട്, സാംസ് ക്ലബ് മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ വിലക്കുറവ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് പുറമെ ബാർബിക്യു ഗ്രില്ലുകൾ, സൺസ്‌ക്രീൻ, ലോൺ മോവറുകൾ തുടങ്ങിയ വേനൽക്കാല ഉൽപ്പന്നങ്ങൾക്കും വില കുറച്ചിട്ടുണ്ട്.
അതേസമയം, ഈ തീരുമാനത്തിന്റെ ക്രെഡിറ്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തു. രാജ്യത്തിന്റെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി തന്റെ ഭരണകൂടത്തിന്റെ അഭ്യർഥന മാനിച്ചാണ് വാൾമാർട്ട് വില കുറച്ചതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ ട്രംപിന്റെ അവകാശവാദം വാൾമാർട്ട് സ്ഥിരീകരിച്ചില്ല. ഉപഭോക്താക്കൾക്ക് വേനൽക്കാല ഷോപ്പിങ് കൂടുതൽ ലാഭകരമാക്കാനാണ് വിലക്കുറവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂടവുമായി ബന്ധപ്പെട്ട യാതൊരു ഇടപെടലും പ്രസ്താവനയിൽ പരാമർശിച്ചിരുന്നില്ല.
ഗ്രൗണ്ട് ബീഫ്, ചോളം, ചെറി, ഐസ്‌ക്രീം, ഉരുളക്കിഴങ്ങ് ചിപ്‌സ്, കൊക്കക്കോള, പെപ്സി എന്നിവ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ വില കുറച്ചതായി കമ്പനി അറിയിച്ചു. വിലക്കുറവ് കഴിഞ്ഞ ആഴ്ച മുതൽ പ്രാബല്യത്തിൽ വന്നതാണെന്നും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകുകയെന്ന വാൾമാർട്ടിന്റെ ദീർഘകാല നയത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.
എന്നാൽ, വിലക്കയറ്റം കുറയ്ക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്ന വിമർശനം ഡെമോക്രാറ്റിക് പാർട്ടി ശക്തമാക്കുന്നതിനിടെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. മേയിൽ അമേരിക്കയിലെ ഉപഭോക്തൃ വില സൂചിക (CPI) മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഊർജവില ഉയർന്നതാണ് ഇതിന് പ്രധാന കാരണം.”ഇത് ഇരുകൂട്ടർക്കും ഗുണം ചെയ്യുന്ന തീരുമാനമാണ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ജീവിതച്ചെലവ് കുറയ്ക്കുന്നുവെന്ന സന്ദേശം ശക്തമാക്കേണ്ടത് ട്രംപിന്റെ ആവശ്യമാണ്. കുറഞ്ഞ വിലയുള്ള റീട്ടെയിലർ എന്ന പ്രതിച്ഛായ നിലനിർത്തേണ്ടത് വാൾമാർട്ടിന്റെയും,” വിപണി വിശകലന വിദഗ്ധൻ ആഡം ക്രിസഫുള്ളി പറഞ്ഞു.
വിലക്കുറവ് ലഭിച്ച പ്രധാന ഉൽപ്പന്നങ്ങൾ:
*73 ശതമാനം കൊഴുപ്പില്ലാത്ത ഗ്രൗണ്ട് ബീഫ് (1 പൗണ്ട്): 6.74 ഡോളറിൽ നിന്ന് 5.94 ഡോളറായി (12% കുറവ്)
* ഫ്രെഷ് സ്വീറ്റ് കോൺ: 68 സെന്റിൽ നിന്ന് 25 സെന്റായി(63% കുറവ്)
* 2.25 പൗണ്ട് ഫ്രെഷ് റെഡ് ചെറി: 11.18 ഡോളറിൽ നിന്ന് 5.63 ഡോളറായി(50% കുറവ്)
* ഗ്രേറ്റ് വാല്യൂ ഐസ്‌ക്രീം (48 ഔൺസ്): 2.97 ഡോളറിൽ നിന്ന് 2.50 ഡോളറായി (16% കുറവ്)
* ലേയ്സ് ക്ലാസിക് പൊട്ടാറ്റോ ചിപ്‌സ് (8 ഔൺസ്): 2.97 ഡോളറിൽ നിന്ന് 2.50 ഡോളറായി (16% കുറവ്)
* ഫ്രിറ്റോ-ലേ ഫാമിലി ഫൺ വെറൈറ്റി പാക്ക്: 9.97 ഡോളറിൽ നിന്ന് 8.97 ഡോളറായി (10% കുറവ്)
* ഗ്രേറ്റ് വാല്യൂ പേപ്പർ പ്ലേറ്റുകൾ (200 എണ്ണം): 9.97 ഡോളറിൽ നിന്ന് 8.97 ഡോളറായി (10% കുറവ്)
* കൊക്കക്കോള, ഡയറ്റ് കൊക്ക്, കൊക്ക് സീറോ (24 കാൻ): 14.97 ഡോളറിൽ നിന്ന് 9.97 ഡോളറായി(33% കുറവ്)
* പെപ്സി, ഡയറ്റ് പെപ്സി, ഡോ. പെപ്പർ, ഡയറ്റ് മൗണ്ടൻ ഡ്യൂ (24 കാൻ): 13.97 ഡോളറിൽ നിന്ന് 9.97 ഡോളറായി(29% കുറവ്)
അമേരിക്കൻ തൊഴിൽ സ്ഥിതിവിവരക്കണക്ക് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ഉപഭോക്തൃ വിലക്കയറ്റം 4.2 ശതമാനത്തിലെത്തിയിരുന്നു. ട്രംപ് അധികാരമേറ്റ സമയത്തുണ്ടായിരുന്ന 3 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്. വാൾമാർട്ട് കോടിക്കണക്കിന് ഡോളർ ലാഭം നേടിയ കമ്പനിയാണെന്നും തീരുവയുടെ ഭാരം ഉപഭോക്താക്കൾക്ക് മേൽ ചുമത്തരുതെന്നും ട്രംപ് 2025-ൽ ഏകപക്ഷീയമായി ചുമത്തിയ ഇറക്കുമതി തീരുവകളുടെ പേരിൽ വില വർധിപ്പിക്കരുതെന്ന് നേരത്തെ വാൾമാർട്ടിനോട് ആവശ്യപ്പെട്ടിരുന്നു.
Walmart and Sam’s Club roll out summer price cuts: 5 things to know as Trump takes credit amid food inflation backlash














