മൊജ്തബ ഖമേനി പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല, സ്ഥിരീകരിച്ച് ഇന്ത്യയിലെ പ്രതിനിധി; കാരണം സുരക്ഷാ ഭീഷണി

ന്യൂഡൽഹി: അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പുതിയ പരമോന്നത നേതാവും മകനുമായ മൊജ്തബ ഖമേനി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. കടുത്ത സുരക്ഷാ ഭീഷണിയെ തുടർന്നാണ് അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി അറിയിച്ചു. ഇറാന്റെ നേതാക്കൾക്കെതിരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ വധഭീഷണികളാണ് മൊജ്തബ ഖമേനി ചടങ്ങിൽ പങ്കെടുക്കാത്തതിന് പിന്നിലെ പ്രധാന കാരണമെന്ന് ആയത്തുള്ള ഹക്കീം ഇലാഹി ഇന്ത്യ ടുഡേ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇറാന്റെ പുതിയ നേതൃത്വത്തിന് നേരെ ഇനിയുമുണ്ടാകുന്ന ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ തുടക്കത്തിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്.

തുടർന്ന് അധികാരമേറ്റ മൊജ്തബ ഖമേനി സുരക്ഷാ കാരണങ്ങളാൽ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവിന്റെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം നേരിട്ടെത്തുമെന്ന തരത്തിൽ വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇന്ത്യൻ പ്രതിനിധിയുടെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.

More Stories from this section

family-dental
witywide