
ആലപ്പുഴ: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഡയറിയിൽ പറയുന്ന പേരുകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ എംഎൽഎ. കേസിന്റെ യഥാർത്ഥ പ്രാധാന്യം തകർക്കാൻ വേണ്ടി മനഃപൂർവ്വം ചില അനാവശ്യ പേരുകൾ ഡയറിയിൽ എഴുതിച്ചേർക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെക്കുറിച്ച് പി. സി. ജോർജിന് പോലും മോശം അഭിപ്രായമില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജ്ജ് ഈ വിഷയത്തിൽ അമിതാവേശം കാണിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു. വിവരങ്ങൾ പുറത്തുവിട്ടവർക്കെതിരെ മാനനഷ്ടക്കേസിന് ഇല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലിസ്റ്റ് പുറത്തുവിട്ടയാൾക്ക് മാനം ഉണ്ടെങ്കിലല്ലേ കേസ് കൊടുക്കേണ്ടതുള്ളൂ എന്ന് പരിഹസിക്കുകയും ചെയ്തു.
സി.എം.ആർ.എൽ കമ്പനി ഉടമ ശശിധരൻ കർത്ത തന്നെ വന്ന് കണ്ടിരുന്നതായി ജി. സുധാകരൻ വെളിപ്പെടുത്തി. കരിമണൽ ഖനനത്തിന് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചായിരുന്നു കൂടിക്കാഴ്ച. എന്നാൽ ഖനനം സമ്മതിക്കില്ലെന്ന് താൻ വ്യക്തമാക്കി. പാർട്ടിക്ക് ഫണ്ട് നൽകാമെന്ന് കർത്ത വാഗ്ദാനം ചെയ്തെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹം താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അതിലൊന്നും തനിക്ക് പറയാനില്ലെന്നും അതല്ല കേരളത്തിലെ നിലവിലെ പ്രധാന വിഷയമെന്നുമായിരുന്നു മുൻ മന്ത്രിയുടെ മറുപടി.
Monthly Payoff Case: G. Sudhakaran states he is unaware of the names mentioned in the diary and claims he rejected an offer of funds from Kartha.











