‘ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാകില്ല, പിണറായി അടക്കമുള്ളവരുടെ കാര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം’, മാസപ്പടി കേസിൽ ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ

മാസപ്പടി അഴിമതി ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ ഈ നിലപാട് അവതരിപ്പിച്ചത്. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചു.

ഹർജിയെ എതിർത്തുകൊണ്ട് സർക്കാർ പറഞ്ഞത്, ഇഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസെടുക്കാൻ കഴിയൂ എന്നുമാണ്. ഹർജി നിലനിൽക്കില്ലെന്നും സർക്കാർ ആവർത്തിച്ചു. എന്നാൽ ഡയറി മാത്രമല്ല, മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.

അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നൽകിയ കത്തും മൊഴി പകർപ്പുകളടക്കമുള്ള തെളിവുകളും ഇഡി കോടതിയിൽ ഹാജരാക്കി. പൂർണമായ മൊഴി പകർപ്പ് സർക്കാരിന് കൈമാറിയിട്ടില്ലെന്ന് ഇഡി മറുപടി നൽകിയപ്പോൾ, പൊലീസ് ആവശ്യപ്പെട്ടാൽ മൊഴി പകർപ്പ് നൽകാൻ തയ്യാറാണെന്നും അറിയിച്ചു. കേസെടുക്കണമെന്ന നിലപാട് ഇഡി ആവർത്തിക്കുകയും, ഇല്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കാൻ അവകാശമുണ്ടെന്നും വാദിക്കുകയും ചെയ്തു.

ഇഡി പൊലീസിനെപ്പോലെ അന്വേഷണ ഏജൻസിയല്ല, വിവരശേഖരണവും തുടർനടപടികളുമാണ് അതിന്റെ പരിധിയിലുള്ളതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഇഡി അന്വേഷണ ഏജൻസി തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide