മാസപ്പടി ഡയറി വിവാദം: ബിജെപിയിൽ കടുത്ത ആഭ്യന്തര ഭിന്നത; എൽഡിഎഫ്-യുഡിഎഫ് ഉന്നത നേതാക്കളെ ഉന്നം വെച്ചെങ്കിലും കൊണ്ടത് ബിജെപിക്കും, ഷോൺ ജോർജിനെതിരെ മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ മുൻ എം.ഡി ശശിധരൻ കർത്തയുടെ ഡയറി പേജുകൾ പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത ആഭ്യന്തര ഭിന്നതയും അമർഷവും പുകയുന്നു. പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നടത്തിയ നീക്കം പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. സംഭവത്തിൽ ബിജെപിയിലെ പ്രമുഖ ഗ്രൂപ്പുകളായ വി. മുരളീധരൻ പക്ഷവും പി.കെ. കൃഷ്ണദാസ് വിഭാഗവും കടുത്ത അതൃപ്തിയിലാണ്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്-യുഡിഎഫ് ഉന്നത നേതാക്കൾ എന്നിവരിലേക്ക് മാത്രം ആരോപണം കേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് ഷോൺ ജോർജ് വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ഷോൺ പുറത്തുവിട്ടതിന് പിന്നാലെ, ഡയറിയിലെ കൂടുതൽ പേജുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതിൽ മുതിർന്ന ബിജെപി നേതാവ് വി. മുരളീധരൻ, ബിജെപി, വിവിധ സംഘപരിവാർ സംഘടനകൾ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടതാണ് പാർട്ടിയെയും ആർഎസ്എസ് നേതൃത്വത്തെയും ചൊടിപ്പിച്ചത്.

മുതിർന്ന നേതാക്കളുമായി ആലോചിക്കാതെ പാർട്ടി ആസ്ഥാനത്തു വച്ചുതന്നെ ഷോൺ വാർത്താ സമ്മേളനം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയമായി വിരുദ്ധ മുന്നണികളെ പ്രതിരോധത്തിലാക്കാൻ ചെയ്ത നീക്കം ഒടുവിൽ പാർട്ടിക്ക് തന്നെ ‘പണിയായി’ മാറിയെന്നാണ് നേതാക്കളുടെ ആക്ഷേപം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഡയറിയിൽ തന്റെ പേരുണ്ടെന്ന വാർത്തകളോട് കടുത്ത ഭാഷയിലാണ് വി. മുരളീധരൻ പ്രതികരിച്ചത്. ഷോൺ ജോർജ് വെട്ടിലാക്കിയാൽ വീഴുന്ന ആളല്ല താനെന്നും, താൻ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ ഒന്നിലധികം മുരളീധരന്മാരുണ്ടെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പാർട്ടിയിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്നാണ് ഷോൺ ജോർജിന്റെ വിശദീകരണം.

Intense internal discord and resentment are brewing within the BJP over the release of diary pages belonging to Sasidharan Kartha

More Stories from this section

family-dental
witywide