ഷിക്കാഗോയിൽ ഫ്യൂണറൽ ഹോമിൽ അമ്പതിലധികം മൃതദേഹങ്ങൾ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ഷിക്കാഗോ: നഗരത്തിലെ ഒരു ഫ്യൂണറൽ ഹോമിൽ (ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന സ്ഥലം) അമ്പതിലധികം മൃതദേഹങ്ങൾ അതീവ ദയനീയമായ സാഹചര്യത്തിൽ കണ്ടെത്തി. ശാസ്ത്രീയമായ രീതിയിലല്ലാതെ സൂക്ഷിച്ച മൃതദേഹങ്ങൾ പൂർണ്ണമായും ജീർണ്ണിച്ച നിലയിലായിരുന്നുവെന്ന് കുക്ക് കൗണ്ടി അധികൃതർ അറിയിച്ചു. വ്യാഴാഴ്ചയാണ് നടുക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.

നഗരത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് പ്രവർത്തിക്കുന്ന ഫ്യൂണറൽ ഹോമിൽ മൃതദേഹങ്ങൾ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനയ്ക്ക് നേതൃത്വം നൽകി.

വിവിധ ഘട്ടങ്ങളിൽ ദ്രവിച്ചു തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് കുക്ക് കൗണ്ടി ഗവൺമെന്റ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ ആരുടേതാണെന്ന് വ്യക്തമാക്കുന്ന മരണ സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ മെഡിക്കൽ എക്സാമിനറുടെ ഓഫീസ്. മൃതദേഹങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനൊപ്പം ഇവ എത്രയും വേഗം തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരമറിയിക്കാനാണ് ജീവനക്കാർ ശ്രമിക്കുന്നത്.

എന്നാൽ, മൃതദേഹങ്ങൾ പൂർണ്ണമായും ജീർണ്ണിച്ചതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ കൃത്യത ഉറപ്പാക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മാന്യമായ രീതിയിൽ സംസ്കരിക്കാനുള്ള സൗകര്യമൊരുക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ എക്സാമിനർ ഓഫീസുമായി ചേർന്ന് നടത്തുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

More than 50 bodies found decomposed at Chicago funeral home

More Stories from this section

family-dental
witywide