അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്ലോറിഡയിൽ മുൻകൂർ വോട്ട് രേഖപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച വെസ്റ്റ് പാം ബീച്ചിലെ തിരഞ്ഞെടുപ്പ് ഓഫീസിലാണ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് ജോർജിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ ട്രംപ് യാത്ര തിരിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കാണ് താൻ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അഴിമതി വോട്ടർമാരുടെ പ്രധാന ആശങ്കകളിലൊന്നാണെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നതിനെക്കുറിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. മാധ്യമത്തിന്റെ റിപ്പോർട്ടിങ്ങിനെ വിമർശിച്ച ട്രംപ്, “നിങ്ങളാണ് മറ്റാരെക്കാളും മോശം. വാൾസ്ട്രീറ്റ് ജേണലിന് വഴി തെറ്റിയിരിക്കുന്നു,” എന്നും ട പറഞ്ഞു.
ഡെമോക്രാറ്റിക് പക്ഷത്തെ അഴിമതികൾക്ക് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കുന്നില്ല. അതിൽ ജെഫ്രി എപ്സ്റ്റീൻ കേസും ഉൾപ്പെടുന്നുണ്ട്. ജെഫ്രി എപ്സ്റ്റീൻ കേസിൽ ഡെമോക്രാറ്റുകൾക്ക് പങ്കുണ്ടെന്നും മാധ്യമങ്ങൾ ഇക്കാര്യം അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. മിനസോട്ട, ലോസ് ആഞ്ചലസ്, മെയ്ൻ എന്നിവിടങ്ങളിലെ അഴിമതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. എന്നാൽ ആരോപണങ്ങൾക്ക് തെളിവുകളൊന്നും നൽകിയില്ല. ഡെമോക്രാറ്റിക് നേതാക്കൾക്കെതിരായ പ്രത്യേക ആരോപണങ്ങളും ഉന്നയിച്ചില്ല.
നവംബർ മൂന്നിനാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി പ്രയാസപ്പെടുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സെനറ്റിലെ ഭൂരിപക്ഷവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചെന്ന തെറ്റായ അവകാശവാദവും ട്രംപ് ആവർത്തിച്ചു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെങ്കിലും ദശലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
US Midterm Elections: Trump casts early vote in Florida










