കുടിയേറ്റത്തിൽ പുതിയ നിലപാടുമായി ട്രംപ്; നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മുൻഗണന നൽകണം, ലിബിയയെയും ഹെയ്തിയെയും അധിക്ഷേപിച്ച് പരാമർശം

അമേരിക്കയിലേക്ക് കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോൾ സംഘർഷബാധിത രാജ്യങ്ങളെക്കാൾ നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലിബിയ, യെമൻ, ഹെയ്തി, സൊമാലിയ എന്നീ രാജ്യങ്ങളെ ‘ഭീകരവാദം നിറഞ്ഞ രാജ്യങ്ങൾ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവിടെനിന്നുള്ളവരെ സ്വീകരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ജോർജിയയിലെ പെറിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ട്രംപിന്റെ പരാമർശം.

ഡെമോക്രാറ്റിക് സെനറ്റർമാരോട് മുമ്പ് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽനിന്നുള്ളവരെ സ്വീകരിക്കുന്നതിന് പകരം മറ്റ് രാജ്യങ്ങളിൽനിന്നുള്ളവരെ എന്തിനാണ് കൊണ്ടുവരുന്നതെന്ന് ചോദിച്ചതായി ഓർമിപ്പിച്ചു. എന്തുകൊണ്ടാണ് നമ്മൾ എപ്പോഴും മോശം രാജ്യങ്ങളിൽനിന്നുള്ളവരെ സ്വീകരിക്കേണ്ടിവരുന്നത്? നോർവേ, സ്വീഡൻ പോലുള്ള രാജ്യങ്ങളിൽനിന്നുള്ളവരെ സ്വീകരിച്ചുകൂടേ? എന്നായിരുന്നു ട്രംപിന്റെ പരാമർശം. 2018 ജനുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കുടിയേറ്റ ചർച്ചയ്ക്കിടെ സമാനമായ അധിക്ഷേപപദം ട്രംപ് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഹെയ്തിയിൽനിന്നും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെ ചോദ്യം ചെയ്ത ട്രംപിന്റെ പരാമർശം അന്ന് വലിയ വിവാദമായിരുന്നു. ദ വാഷിങ്ടൺ പോസ്റ്റാണ് ആദ്യം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിയമനിർമാതാക്കളും പൗരാവകാശ പ്രവർത്തകരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ ട്രംപ് പ്രസ്താവന നിഷേധിച്ചു. 2025 ഡിസംബറിൽ പെൻസിൽവാനിയയിൽ നടത്തിയ പ്രസംഗത്തിനിടെ സമാനമായ പരാമർശം നടത്തിയതായി ട്രംപ് സമ്മതിച്ചിരുന്നു. 2018ലെ യോഗത്തിൽ ‘മോശം രാജ്യങ്ങളിൽനിന്ന്’ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെ ചോദ്യം ചെയ്ത കാര്യം അദ്ദേഹം അന്ന് അനുസ്മരിച്ചു. യോഗത്തിൽ പങ്കെടുത്ത ഡെമോക്രാറ്റിക് സെനറ്റർ ഡിക്ക് ഡർബിൻ ഉന്നയിച്ച പ്രധാന ആരോപണത്തെ ട്രംപിന്റെ പിന്നീടുള്ള പരാമർശം പിന്തുണയ്ക്കുന്നതാണെന്ന് ഫാക്ട്‌ചെക്ക് ഡോട്ട് ഓർഗ് വിലയിരുത്തി.

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനും നിയമങ്ങൾ കർശനമാക്കാനുമുള്ള നടപടികൾ ട്രംപ് ഭരണകൂടം തുടരുന്നതിനിടെയാണ് പുതിയ പരാമർശം. ദേശീയ സുരക്ഷയും അമേരിക്കൻ തൊഴിലാളികളുടെ താൽപര്യങ്ങളും സംരക്ഷിക്കാനാണ് നിയന്ത്രണങ്ങളെന്നാണ് ട്രംപിന്റെ വാദം. അഭയാർഥികളുടെ പ്രവേശനത്തെയും ചില കുടിയേറ്റ വിഭാഗങ്ങളുടെ നിയമപരമായ പദവിയെയും ബാധിക്കുന്ന നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഹെയ്തിയിൽനിന്നുള്ള കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഒഹായോയിലെ സ്പ്രിങ്ഫീൽഡിൽ കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു ആരോപണം.

Trump says US should prioritize migrants from Norway, Sweden over conflict-hit nations

More Stories from this section

family-dental
witywide