സദ്ദാം ഹുസൈൻ ചീസ്കേക്ക് ഫാക്ടറി തുറന്നതുപോലെ വൈറ്റ് ഹൗസ് എന്ന് ഒബാമ; കഴിവുകെട്ട പ്രസിഡന്റ് എന്ന് ട്രംപിന്റെ മറുപടി

വൈറ്റ് ഹൗസ് നവീകരണത്തെ പരിഹസിച്ച മുൻ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒബാമയെ ‘കടുത്ത കഴിവുകേടുള്ള പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ നയത്തെയും സമ്പദ്‌വ്യവസ്ഥയെയും ചൊല്ലിയും വിമർശിച്ചു.

ശനിയാഴ്ച ഒഹായോയിൽ നടന്ന ഡെമോക്രാറ്റിക് തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ട്രംപിന്റെ വൈറ്റ് ഹൗസ് നവീകരണത്തെ ഒബാമ പരിഹസിച്ചത്. ഇതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ തിരിച്ചടി.

ഇറാന് ശതകോടിക്കണക്കിന് ഡോളർ നൽകിയെന്നും ആണവായുധം സ്വന്തമാക്കാനുള്ള വഴിയൊരുക്കിയെന്നും ട്രംപ് ഒബാമയ്‌ക്കെതിരെ ആരോപിച്ചു. ഹിലരി ക്ലിന്റൺ, കമല ഹാരിസ് തുടങ്ങിയ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കായി ഒബാമ പ്രചാരണം നടത്തിയിട്ടും അവർ പരാജയപ്പെട്ടുവെന്നും പരിഹസിച്ചു.

മിഷിഗണിൽ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സയീദിനെ പിന്തുണച്ച ഒബാമയുടെ നടപടിയെയും ട്രംപ് വിമർശിച്ചു. എൽ-സയീദിനെ ‘വ്യാജ ഡോക്ടർ’ എന്നും ‘മുസ്‌ലിം ബ്രദർഹുഡ് ജിഹാദി’ എന്നും വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം ജൂതന്മാരെയും കറുത്ത വർഗക്കാരെയും അമേരിക്കക്കാരെയും വെറുക്കുന്നയാളാണെന്നും ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾക്ക് തെളിവുകളൊന്നും നൽകിയില്ല. ഡോക്ടറും ഡെട്രോയിറ്റിലെ മുൻ ആരോഗ്യ ഉദ്യോഗസ്ഥനുമായ എൽ-സയീദ് സമാന ആരോപണങ്ങൾ നേരത്തെയും നിഷേധിച്ചിട്ടുണ്ട്.

മിഷിഗണിൽ താൻ വലിയ വിജയം നേടിയെന്നും വാഹനവ്യവസായവും വ്യോമസേനാ താവളവും പുനരുജ്ജീവിപ്പിച്ചെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി മൈക്ക് റോജേഴ്‌സിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വൈറ്റ് ഹൗസിൽ നടത്തിയ വിപുലമായ നവീകരണ പ്രവർത്തനങ്ങളെയാണ് ഒബാമ പരിഹസിച്ചത്. “വീടിന്റെ നവീകരണത്തിലാണ് അദ്ദേഹത്തിന് വലിയ ശ്രദ്ധ. അദ്ദേഹം എച്ച്ജിടിവിയിൽ പോകേണ്ടതാണ്,” ഒബാമ പറഞ്ഞു.

ബാൾറൂം വികസിപ്പിച്ചതും റോസ് ഗാർഡന്റെ ചില ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തതും ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യം ഒരുക്കിയതും അമിതമായി സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾ ഉപയോഗിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സദ്ദാം ഹുസൈൻ ചീസ്കേക്ക് ഫാക്ടറി തുറന്നതുപോലെയാണ് അദ്ദേഹം വൈറ്റ് ഹൗസിനെ മാറ്റിയിരിക്കുന്നത്. എല്ലായിടത്തും സ്വർണം,” എന്നായിരുന്നു ഒബാമയുടെ പരിഹാസം. പരാമർശം സദസ്സിൽ ചിരിയുണർത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Trump responds after Obama mocks White House renovations, calls ex-president ‘grossly incompetent’

More Stories from this section

family-dental
witywide